മൂന്നാമനായി ഇറങ്ങി തുടർച്ചയായി മൂന്ന് സെഞ്ച്വറികൾ ബ്രാഡ്മാന് പിന്നാലെ ലബുഷെയ്‌ൻ

അഭിറാം മനോഹർ| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2019 (10:17 IST)
ക്രിക്കറ്റ് ഇതിഹാസമായ സാക്ഷാൽ ബ്രാഡ്മാന് ശേഷം മൂന്നാം നമ്പറിലിറങ്ങി തുടർച്ചയായി 3 ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന ആദ്യ ഓസ്ട്രേലിയൻ താരമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി മാർനസ് ലബുഷെയ്‌ൻ.
ന്യൂസിലൻഡിനെതിരെ നടക്കുന്ന ടെസ്റ്റിലെ ആദ്യദിനത്തിൽ വമ്പന്മാരായ ഡേവിഡ് വാർണറും സ്മിത്തും നിരാശപ്പെടുത്തിയപ്പോഴാണ് ലബുഷെയ്‌ൻ തന്റെ വിജയഗാഥ തുടർന്നത്. ആദ്യ ദിനം കളി നിർത്തുമ്പോൾ ലബുഷെയ്‌ൻ നേടിയ 110 റൺസിന്റെ ബലത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 248 റൺസെന്ന ഭേദപ്പെട്ട നിലയിലാണ് ഓസീസ്.

ഓപ്പണിങ് താരമായ ജോ ബേൺസ് ഒമ്പത് റൺസെടുത്ത് പുറത്തായതിനെ തുടർന്ന് മൂന്നാമനായാണ് മത്സരത്തിൽ ലബുഷെയ്‌ൻ കളിക്കാനിറങ്ങിയത്. വാർണർക്കൊപ്പം രണ്ടാം വിക്കറ്റിൽ ഒന്നിച്ച ലബുഷെയ്‌ൻ മികച്ച പ്രകടനമാണ് മത്സരത്തിന്റെ തുടക്കം മുതൽ കാഴ്ചവെച്ചത്. എന്നാൽ വാഗ്നറുടെ മനോഹരമായ ക്യാച്ചിലൂടെ 43 റൺസെടുത്ത പുറത്തായി. തുടർന്നെത്തിയ സ്റ്റീവ് സ്മിത്തിനും മത്സരത്തിൽ വലിയ സ്കോർ സ്വന്തമാക്കാനായില്ല. സ്മിത്ത് 43 റൺസ് നേടി പുറത്തായി.

മത്സരത്തിൽ 202 പന്തിൽ നിന്നാണ് ലബുഷെയ്‌ൻ 110 റൺസ് കണ്ടെത്തിയത്. ഇതിൽ 14 ഫോറുകളും ഒരു സിക്സറും ഉൾപ്പെടുന്നു. ന്യൂസിലൻഡിന് വേണ്ടി നിൽ വാഗ്നർ രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ കോളിൻ ഡിഗ്രാൻഡ്‌ഹോമും ടിം സൗത്തിയും ഓരോ വിക്കറ്റ് വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :