കടപുഴക്കിയത് 80 വർഷം പഴക്കമുള്ള റെക്കോർഡ്, 8 ടെസ്റ്റുകളിൽ 5 അഞ്ച് വിക്കറ്റ് നേട്ടം, അപകടകാരിയാണ് ജാമിസൺ

അ‌ഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (13:09 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുൻനിര താരങ്ങളെ എല്ലാം കൂടാരം കയറ്റിയത് കെയ്‌ൽ എന്ന 6 അടി 8 ഇഞ്ചുകാരനായിരുന്നു. ന്യൂസിലൻഡ് ബൗളർമാരെല്ലാം തന്നെ മികച്ച സ്വിങിന്റെ സഹായത്തോടെ റൺസ് വരുന്നതിൽ നിന്നും ഇന്ത്യൻ ബാറ്റിങ് നിരയെ തടഞ്ഞു‌നിർത്തിയെങ്കിലും ഇന്ത്യയെ ആകെ തകർ‌ത്തത് ജാമിസണിന്റെ ബൗളിങ് പ്രകടനമായിരുന്നു.

22 ഓവറില്‍ 12 മെയ്ഡനുകളടക്കം 31 റണ്‍സ് മാത്രമെടുത്ത് അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തിയ ജാമിസണാണ് ഇന്ത്യൻ സ്കോർ 217ൽ ഒതുക്കിയത്. മികച്ച പ്രകടനത്തോടൊപ്പം നിരവധി റെക്കോർഡുകളും താരം മത്സരത്തിൽ സ്വന്തമാക്കി.

ലോക ചാംപ്യന്‍ഷിപ്പില്‍ ജാമിസണിന്റെ അഞ്ചാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്. ചാമ്പ്യൻഷിപ്പിൽ ഇത്രയും തവണ ഒരിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ പിഴുത മറ്റൊരു ബൗളറുമില്ല. ഫൈനലിന് മുൻപെ നാലു അഞ്ചു വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഓസ്ട്രലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍ എന്നിവര്‍ക്കൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു ജാമിസണ്‍.

കരിയറിൽ തന്റെ എട്ടാമത്തെ ടെസ്റ്റിൽ നിന്നാണ് അഞ്ച് തവണ 5 വിക്കറ്റ് നേട്ടം ജാമിസൺ സ്വന്തമാക്കിയിരിക്കുന്നത്. 8 മത്സരങ്ങളിൽ നിന്ന് 44 വിക്കറ്റുകളാണ് താരത്തിനുള്ളത്. ഇതില്‍ 41ഉം ലോക ചാംപ്യന്‍ഷിപ്പിലാണ് ഇതും റെക്കോര്‍ഡാണ്.ന്യൂസിലാന്‍ഡിനായി കരിയറിലെ ആദ്യത്തെ എട്ടുടെസ്റ്റുകളില്‍ നിന്നും ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറായിരിക്കുകയാണ് ജാമിസണ്‍. ജാക്ക് കൗവി (41 വിക്കറ്റ്) റെക്കോർഡാണ് താരം മറികടന്നത്. 80 വർഷം പഴക്കമുള്ള റെക്കോർഡാണ് ജാമിസൺ കടപുഴക്കിയത്.

ഐസിസി ഫൈനല്‍സില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണ് ജാമിസണിന്റേത്. 1998ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 30 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസാണ് ലിസ്റ്റിലെ ഒന്നാമത്.

രോഹിത് ശർമ,കോലി,റിഷഭ് പന്ത്,ഇഷാന്ത് ശർമ,ജസ്‌പ്രീ‌ത് ബു‌മ്ര എന്നിവരുടെ വിക്കറ്റാണ് മത്സരത്തിൽ ജാമിസൺ സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :