അഭിറാം മനോഹർ|
Last Updated:
ഞായര്‍, 25 ഫെബ്രുവരി 2024 (12:15 IST)
ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്സില്‍ ഇന്ത്യ 307 റണ്‍സിന് പുറത്ത്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്ങ്സില്‍ നേടിയ 353 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 171 റണ്‍സിനിടെ 7 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കുല്‍ദീപ് യാദവ്- ധ്രുവ് ജുറല്‍ സഖ്യമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത്. ധ്രുവ് ജുറല്‍ 90 റണ്‍സ് നേടി പുറത്തായപ്പോള്‍ കുല്‍ദീപ് വിലപ്പെട്ട 28 റണ്‍സുകള്‍ സ്വന്തമാക്കി.
219 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയില്‍ മൂന്നാം ദിവസം ആരംഭിച്ച ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് ജുറല്‍- കുല്‍ദീപ് ജോഡി കാഴ്ചവെച്ചത്. ഇംഗ്ലണ്ട് സ്പിന്‍ ആക്രമണത്തെ ഫലപ്രദമായി നേരിട്ട കുല്‍ദീപ് യാദവ് ഇംഗ്ലണ്ടിനെ വിക്കറ്റുകള്‍ സ്വന്തമാക്കുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തുന്നതില്‍ ഫലപ്രദമായി. ധ്രുവ് ജുറല്‍ 149 പന്തില്‍ 90 റണ്‍സ് നേടിയപ്പോള്‍ ബാറ്റര്‍ അല്ലാതിരുന്നിട്ടും 131 പന്തുകള്‍ നേരിടാന്‍ കുല്‍ദീപിനായി.
ഡിഫന്‍സീവായി കളിച്ച് ഇന്ത്യയെ മികച്ച നിലയിലെത്തിച്ച ശേഷം മാത്രമാണ് കുല്‍ദീപ് തന്റെ വിക്കറ്റ് സമ്മാനിച്ചത്. ജെയിംസ് ആന്‍ഡേഴ്സന്റെ പന്തില്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. കുല്‍ദീപ് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 253ല്‍ എത്തിയിരുന്നു. തുടര്‍ന്ന് വന്ന താരങ്ങളില്‍ ആര്‍ക്കും തന്നെ ജുറലിന് മികച്ച പിന്തുണ നല്കാനായില്ലെങ്കിലും അവസാന ഓവറുകളില്‍ വമ്പനടി നടത്തി ജുറല്‍ സ്കോര്‍ ഉയര്‍ത്തുകയായിരുന്നു. സെഞ്ചുറിക്ക് വെറും 10 റണ്‍സകലെ ടോം ഹാര്ട്ലിയുടെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു.