കോലി പിന്തുണ നൽകിയില്ല, സംരക്ഷിച്ചത് രോഹിത്: തുറന്നടിച്ച് കുൽദീപിന്റെ പരിശീലകൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 4 മെയ് 2022 (16:08 IST)
ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്തി തനിക്കെതിരെ വിമർശനങ്ങൾ നടത്തിയവർക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. ഇന്ത്യൻ ടീമിൽ വിരാട് കോലിയിൽ നിന്നും കുൽദീപിന് ഒരു പിന്തുണയും ലഭിച്ചില്ലെന്നും കുൽദീപിന്റെ കരിയർ സംരക്ഷിച്ചത് ഇന്ത്യൻ നായകൻ രോഹിത് ശർമയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കുൽദീപിന്റെ ബാല്യകാല കോച്ചായ കപിൽ ദേ പാണ്ഡെ.

കുൽദീപിനെ പോലെ കഴിവുള്ള താരത്തിന് പിന്തുണ നൽകാത്തത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ക്യാപ്‌റ്റന്മാർ വിശ്വസിച്ചപ്പോഴെല്ലാം മികച്ച പ്രകടനമാണ് കുൽദീപ് നടത്തിയിട്ടുള്ളത്. ഏകദിനത്തിൽ 2 ഹാട്രിക് അവനുണ്ട്. ടി20യിലും ടെസ്റ്റിലും മികച്ച റെക്കോർഡുള്ള താരമാണവൻ. എന്നിട്ടും അവന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്’ കപില്‍ദേവ് പാണ്ഡെ പറയുന്നു.

കുൽദീപിന്റെ തിരിച്ചുവരവിന് കാരണം നിലവിലെ നായകൻ രോഹിത് ശർമയാണ്. രോഹിത് മികച്ച ക്യാപ്റ്റനാണ്. ഒരു വലിയകൂട്ടം കളിക്കാരില്‍ നിന്നും എങ്ങനെ കഴിവുകള്‍ കണ്ടെത്തണമെന്ന് രോഹിത് ശര്‍മ്മയ്ക്ക് അറിയാം. ഐ പി എല്ലിന് മുന്‍പായി കുല്‍ദീപിന് രോഹിത് അവസരം നൽകിയെന്നും പാണ്ഡെ പറഞ്ഞു.

രോഹിത് ശര്‍മ്മയുടെയും പന്തിന്റെയും പോണ്ടിങിന്റെയും പിന്തുണയില്ലെങ്കില്‍ കുൽദീപിന് തിരിച്ചുവരാൻ സാധിക്കില്ലായിരുന്നുവെന്നും പാണ്ഡെ പറഞ്ഞു. നിലവിൽ ഐപിഎല്ലിലെ
ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് കുല്‍ദീപ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :