അഭിറാം മനോഹർ|
Last Modified ഞായര്‍, 9 ജനുവരി 2022 (11:37 IST)
പരമ്പര വിജയം നിർണയിക്കുന്ന നിർണായകമായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലി കളിക്കുമെന്ന് സൂചന. രാഹുൽ ദ്രാവിഡിന്റെ വമ്പൻ റെക്കോർഡാണ് കോലിയെ കേപ് ടൗണിൽ കാത്തിരിക്കുന്നത്. സൗത്താഫ്രിക്കയിൽ ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയ രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കാൻ 14 റൺസ് മാത്രമാണ് കോലിക്ക് ആവശ്യമുള്ളത്.
സൗത്താഫ്രിക്കയിൽ 611 റൺസാണ് താരം നേടിയുട്ടുള്ളത്. 50.91 ആണ് ബാറ്റിങ് ശരാശരി. സൗത്താഫ്രിക്കയിൽ 11 ടെസ്റ്റിൽ നിന്നാണ് ദ്രാവിഡ് 624 റൺസ് കണ്ടെത്തിയത്. 15 ടെസ്റ്റിൽ നിന്ന് 46.44 ശരാശരിയിൽ 1161 റൺസ് നേടിയിട്ടുള്ള ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറാണ് പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യൻ താരം.
അതേസമയം കേപ് ടൗണിൽ അവസാന മത്സരത്തിനിറങ്ങുമ്പോൾ സൗത്താഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടം എന്ന ചരിത്രനേട്ടവും ഇന്ത്യയ്ക്ക് മുന്നിലുണ്ട്. കോലി ടീമിലേയ്ക്കെത്തുമ്പോൾ ഹനുമാ വിഹാരിക്കാവും ടീമിൽ സ്ഥാനം നഷ്ടമാവുക എന്നാണ് സൂചന.