"വിസ്ഡൺ മാസികയുടെ ദശാബ്ദത്തിലെ മികച്ച 5 താരങ്ങൾ"- ഇന്ത്യയിൽ നിന്ന് വിരാട് കോലി

അഭിറാം മനോഹർ| Last Modified വ്യാഴം, 26 ഡിസം‌ബര്‍ 2019 (16:01 IST)
വിസ്ഡൺ മാസികയുടെ ദശാബ്ദത്തിലെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും വിരാട് കോലി ഇടം നേടി. കോലിക്ക് പുറമെ ഓസീസ് താരമായ സ്റ്റീവ് സ്മിത്തും ദക്ഷിണാഫ്രിക്കൻ താരങ്ങളായ എ ബി ഡിവില്ലിയേഴ്സ്,ഡെയ്ൻ സ്റ്റെയ്‌ൻ എന്നിവരും ഏക വനിതാ താരമായി എല്ലിസി പെറിയുമാണ് പട്ടികയിൽ ഇടം കണ്ടെത്തിയത്.

2014 ലെ ഇംഗ്ലണ്ട് പര്യടനത്തിന്റെ അവസാനവും ബംഗ്ലാദേശിനെതിരെ നവംബറിൽ കൊൽക്കത്തയിൽ നടന്ന രണ്ടാം ടെസ്റ്റിനും ഇടയിലായി 21 സെഞ്ച്വറികളും 13 ഫിഫ്റ്റികളുമായി കോലിയുടെ ബാറ്റിങ് ശരാശരി 63 ആണെന്ന് വിസ്ഡൺ ചൂണ്ടികാണിക്കുന്നു. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിലുമായി അമ്പതിലധികം ശരാശരിയിൽ കളിക്കുന്ന ഏകതാരമാണ് കോലി അടുത്തകാലത്തായി സ്റ്റീവ് സ്മിത്ത് മാത്രമാണ് അല്പമെങ്കിലും കോലിക്ക് ഭീഷണിയായതെന്നും വിസ്ഡൺ വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ടെസ്റ്റിൽ 27 സെഞ്ച്വറികളടക്കം 7202 റൺസും ഏകദിനത്തിൽ 11125 റൺസും ടി20യിൽ 2663 റൺസുമാണ് കോലിയുടെ സമ്പാദ്യം. ടെസ്റ്റിൽ തുടർച്ചയായി ഏഴ് ടെസ്റ്റുകൾ ജയിച്ചതടക്കം നായകനെന്ന നിലയിൽ മികച്ച റെക്കോഡാണ് കോലിക്കുള്ളത്. നിലവിൽ കോലിയുടെ ശക്തനായ എതിരാളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്റ്റീവ് സ്മിത്തിന് 71 ടെസ്റ്റുകളിൽ നിന്ന് 26 സെഞ്ച്വറികളടക്കം 7070 റൺസാണൂള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :