വെറും 42 റൺസ് അകലെ കോലിയെ കാത്ത് വമ്പൻ റെക്കോർഡ്

അഭിറാം മനോഹർ| Last Modified വ്യാഴം, 9 മാര്‍ച്ച് 2023 (13:10 IST)
ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്തായി മോശം ഫോമിലാണ് ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോലി. 2019ൽ എല്ലാ ഫോർമാറ്റിലും 50ന് മുകളിൽ താരത്തിന് ബാറ്റിംഗ് ശരാശരിയുണ്ടായിരുന്നെങ്കിലും ടെസ്റ്റിലെ തുടർച്ചയായുള്ള മോശം പ്രകടനത്തോടെ ടെസ്റ്റ് ഫോർമാറ്റിലെ താരത്തിൻ്റെ ശരാശരി 55ൽ നിന്നും 48ലേക്ക് ചുരുങ്ങിയിരുന്നു. കൂടാതെ സ്പിൻ ബൗളർമാർക്കെതിരെ സ്ഥിരമായി പുറത്താകുന്നതും കഴിഞ്ഞ വർഷങ്ങളിൽ കോലി ശീലമാക്കിയിരിക്കുകയാണ്.

നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ കോലിക്കെതിരെ ഒരിക്കൽ പോലും ഓസീസ് ഫാസ്റ്റ് ബൗളർമാരെ ഉപയോഗിച്ചിട്ടില്ല. ഓസീസ് സ്പിന്നറായ ടോഡ് മർഫി 3 തവണയും മാത്യു കുഞ്ഞേമൻ 2 തവണയും പരമ്പരയിൽ കോലിയെ പുറത്താക്കിയിരുന്നു. ഇന്ന് ആരംഭിച്ച നാലാം ടെസ്റ്റ് മത്സരത്തിൽ 42 റൺസ് കണ്ടെത്താൻ സാധിച്ചാൽ വമ്പൻ റെക്കോർഡാണ് കോലിയെ കാത്തിരിക്കുന്നത്.

ഇന്ത്യയിൽ മാത്രമായി 4000 ടെസ്റ്റ് റൺസുകൾ എന്ന നേട്ടത്തിലെത്താൻ 42 റൺസാണ് കോലിയ്ക്ക് ആവശ്യമായിട്ടുള്ളത്. അഹമ്മദാബാദ് ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കാനായാൽ ഏറ്റവും വേഗതയിൽ ഇന്ത്യയിൽ 4000 റൺസ് സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ കോലി മൂന്നാം സ്ഥാനത്തെത്തും. 87 ഇന്നിങ്ങ്സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ മുൻ നായകൻ സുനിൽ ഗവാസ്കറെയും 88 ഇന്നിങ്ങ്സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ രാഹുൽ ദ്രാവിഡിനെയുമാകും കോലി പിന്നിലാക്കുക. 76 ഇന്നിങ്ങ്സുകളിൽ നിന്ന് 3958 റൺസാണ് കോലിയുടെ പേരിലുള്ളത്.

71 ഇന്നിങ്ങ്സുകളിൽ നിന്ന് 4000 ടെസ്റ്റ് റൺസ് ഇന്ത്യയിൽ നേടിയ വിരേന്ദർ സെവാഗാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. 78 ഇന്നിങ്ങ്സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ സച്ചിനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 7216 ടെസ്റ്റ് റൺസാണ് സച്ചിന് ഇന്ത്യയിൽ മാത്രമായുള്ളത്. 5598 റൺസുമായി രാഹുൽ ദ്രാവിഡ്, 5067 റൺസുമായി സുനിൽ ഗവാസ്കർ, 4656 റൺസുമായി വിരേന്ദർ സെവാഗ് എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :