KL Rahul: വിക്കറ്റിനു പിന്നില്‍ ധോണിയെ ഓര്‍മിപ്പിക്കുന്നു; രാഹുല്‍ ആളാകെ മാറിയെന്ന് സോഷ്യല്‍ മീഡിയ, ലോകകപ്പിലെ പ്രതീക്ഷ

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ കുല്‍ദീപ് യാദവുമായുള്ള രാഹുലിന്റെ കെമിസ്ട്രി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി

രേണുക വേണു| Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (11:55 IST)

KL Rahul: പരുക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍.രാഹുല്‍ മികച്ച ഫോമില്‍. ബാറ്റിങ്ങിലും കീപ്പിങ്ങിലും രാഹുല്‍ ആളാകെ മാറിയെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വിലയിരുത്തല്‍. ഏഷ്യാ കപ്പിലെ പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ അതിനു ഉദാഹരണമാണെന്നും ആരാധകര്‍ പറയുന്നു. രാഹുലിന്റെ ഫോം ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ രാഹുല്‍ സെഞ്ചുറി നേടി പുറത്താകാതെ നിന്നു. പാക് ബൗളര്‍മാര്‍ക്കെതിരെ ആധിപത്യം പുലര്‍ത്തുന്ന രാഹുലിനെയാണ് കളിയില്‍ ഉടനീളം കണ്ടത്. ഏകദിനത്തില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ രാഹുല്‍ തന്നെയാണ് ഏറ്റവും ചേരുന്നതെന്നും ആരാധകര്‍ പറയുന്നു.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും രാഹുല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. സ്പിന്നിന് അനുകൂലമായ പിച്ചില്‍ ബാറ്റര്‍മാര്‍ പ്രയാസപ്പെട്ടപ്പോള്‍ രാഹുല്‍ നേടിയ 39 റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

അതേസമയം ബാറ്റിങ്ങിനേക്കാള്‍ കീപ്പിങ്ങിലാണ് രാഹുല്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. വിക്കറ്റിനു പിന്നില്‍ രാഹുല്‍ സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയെ ഓര്‍മിപ്പിക്കുന്നു എന്നാണ് ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രശംസിക്കുന്നത്. പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ രാഹുല്‍ സ്വയം പുതുക്കി കൂടുതല്‍ മികച്ച ക്രിക്കറ്റാണ് ഇപ്പോള്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. ബൗളിങ് ചേയ്ഞ്ചിലും ഫീല്‍ഡ് സെറ്റിങ്ങിലും രാഹുല്‍ വലിയ സ്വാധീനം ചെലുത്തുന്നു. സ്പിന്നര്‍മാര്‍ പന്തെറിയാന്‍ വരുമ്പോള്‍ ഫീല്‍ഡില്‍ മാറ്റം വരുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ രാഹുലാണ് ഇപ്പോള്‍ ചെയ്യുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ കുല്‍ദീപ് യാദവുമായുള്ള രാഹുലിന്റെ കെമിസ്ട്രി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്ന സദീര സമരവിക്രമയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത് രാഹുലിന്റെ നീക്കമാണ്. കുല്‍ദീപ് യാദവിന്റെ പന്തില്‍ സദീരയെ സ്റ്റംപ് ചെയ്താണ് രാഹുല്‍ പുറത്താക്കിയത്. ഈ വിക്കറ്റിന്റെ പൂര്‍ണ ക്രെഡിറ്റ് രാഹുലിനാണെന്നും ആരാധകര്‍ പറയുന്നു. സ്പിന്നര്‍മാരുമായി ആശയവിനിമയം നടത്താനും ഫീല്‍ഡില്‍ വളരെ എനര്‍ജറ്റിക്ക് ആയി നില്‍ക്കാനും രാഹുല്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് ടീമിന് ഗുണം ചെയ്യുമെന്നുമാണ് ആരാധകരുടെ അഭിപ്രായം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :