പുതിയൊരു തുടക്കം വേണം, കൂടുതൽ സ്വാതന്ത്രവും, ലഖ്നൗ വിട്ടതിന് ശേഷം ആദ്യപ്രതികരണവുമായി കെ എൽ രാഹുൽ

KL Rahul
KL Rahul
അഭിറാം മനോഹർ| Last Modified ചൊവ്വ, 12 നവം‌ബര്‍ 2024 (14:46 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലി ഇട്ട് പോകുന്ന വലിയ വിടവ് നികത്താന്‍ കഴിവുള്ള താരമാണെന്നാണ് കരിയറിന്റെ ആദ്യഘട്ടത്തില്‍ കെ എല്‍ രാഹുലിനെ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. ടി20 ക്രിക്കറ്റില്‍ മിന്നല്‍ ഇന്നിങ്ങ്‌സുകള്‍ കൊണ്ട് ഞെട്ടിച്ച രാഹുല്‍ 3 ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാനതാരമായി മാറിയത് പെട്ടെന്നായിരുന്നു. എന്നാല്‍ വിവാദ അഭിമുഖത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം പടവലഞ്ഞ പോലെയാണ് രാഹുലിന്റെ കരിയറും മുന്നോട്ട് പോയത്.


ഐപിഎല്ലിലും രാജ്യാന്തര ക്രിക്കറ്റിലും തന്റെ സ്‌കോറിംഗ് വേഗതയും എലഗന്‍സുമെല്ലാം രാഹുല്‍ കൈവിട്ടപ്പോള്‍ വളരെ വേഗത്തില്‍ തന്നെ രാഹുല്‍ പരിഹാസിതനായി മാറി. ഏറ്റവും ഒടുവില്‍ 2025ലെ ഐപിഎല്‍ സീസണില്‍ ലഖ്‌നൗ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ നിന്നും കെ എല്‍ രാഹുല്‍ പുറത്തായി. രാഹുല്‍ വ്യക്തിഗത നേട്ടത്തിനായി കളിക്കുന്നുവെന്നാണ് ഇതിന് കാരണമായി ലഖ്‌നൗ ഉടമയായ സഞ്ജീവ് ഗോയങ്ക പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കെ എല്‍ രാഹുല്‍.

തന്റെ കളി കളിക്കാനായി കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യമുള്ളതിനാലാണ് ലഖ്‌നൗ വിട്ടതെന്ന് കെ എല്‍ രാഹുല്‍ വ്യക്തമാക്കി. എനിക്ക് പുതിയൊരു തുടക്കം വേണം. കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്ന ടീമിനൊപ്പം ചേരാനാണ് ആഗ്രഹം. അവിടെ ആ ടീമിന്റെ അന്തരീക്ഷം എന്നെ കൂടുതല്‍ റിലാക്‌സ്ഡ് ആക്കിയേക്കാം. രാഹുല്‍ പറഞ്ഞു. കുറച്ച് കാലമായി ഫോം ഔട്ടാണ്. ഒരു കളിക്കാരന്‍ എന്ന രീതിയില്‍ തിരിച്ചുവരാനായി എന്താണ് ചെയ്യേണ്ടത് എന്നറിയാമെന്നും രാഹുല്‍ പറഞ്ഞു.


അതേസമയം നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് കെ എല്‍ രാഹുല്‍. ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പ്ലേയിംഗ് ഇലവനില്‍ ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ കെ എല്‍ രാഹുല്‍ ടെസ്റ്റില്‍ ഓപ്പണറാകാനും സാധ്യതയുണ്ട്. നേരത്തെ ഓസ്‌ട്രേലിയ എ ക്കെതിരെ ഇന്ത്യന്‍ എ ടീമിനായി ഓപ്പണിംഗില്‍ ഇറങ്ങിയെങ്കിലും തിളങ്ങാന്‍ രാഹുലിനായിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :