അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 ജനുവരി 2020 (10:19 IST)
തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യൻ താരം കെ എൽ രാഹുൽ. ഓരോ മത്സരത്തിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന
രാഹുൽ ധോണിക്ക് ശേഷം ഇന്ത്യക്ക് വിശ്വാസമർപ്പിക്കാവുന്ന വിക്കറ്റ് കീപ്പിങ് ബാറ്റ്സ്മാൻ എന്ന നിലയിലും മികച്ച പ്രകടനമാണ്
കാഴ്ച്ചവെക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ അർധസെഞ്ച്വറി നേടിയ താരം രണ്ടാം മത്സരത്തിലും പുറത്താവാതെ 57 റൺസുകൾ നേടി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. രണ്ടാം മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയതും രാഹുലായിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിൽ ടീമിന്റെ പ്രകടനത്തിൽ നിർണായക പങ്ക് വഹിച്ച രാഹുൽ അതിന് പിന്നിലെ കാരണവും വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ. 'എന്റെ ബാറ്റിങ്ങിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സാഹചര്യം എന്താണെന്ന വ്യക്തതമായ ബോധത്തോടെയാണ് ഓരോ മത്സരത്തേയും സമീപിക്കുന്നത്. ആദ്യ മത്സരത്തിലേത് പോലെ ആയിരുന്നില്ല രണ്ടാം മത്സരത്തിലെ പിച്ച്.അത് തീർത്തും വ്യത്യസ്തമായിരുന്നു. അതുകൊണ്ട് ആദ്യ മത്സരത്തില്‍ കളിച്ചത് പോലെ കളിക്കാൻ പറ്റില്ലെന്ന ബോധ്യമുണ്ടായിരുന്നു. ഇത് മറ്റൊരു ഉത്തരാവാദിത്തമായിരുന്നു. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോലിയും പുറത്തായതോടെ മത്സരം ശ്രദ്ധിക്കേണ്ട ചുമതല എന്നിക്കായിരുന്നു'- രാഹുൽ പറഞ്ഞു.
ബാറ്റിങ്ങ് ടെക്നിക്കിൽ അടുത്തകാലത്തായി നേരിയ മാറ്റങ്ങൾ വരുത്തിയെന്നും ഇക്കാര്യങ്ങളാണ് അടുത്തകാലത്ത് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സഹായിച്ചതെന്നും രാഹുൽ കൂട്ടിചേർത്തു.