ഔട്ട് വിധിക്കാന്‍ എന്തിനാണിത്ര തിരക്ക്?, അത് കൃത്യമായും നോട്ടൗട്ട്, കെ എല്‍ രാഹുലിന്റെ പുറത്താകലിനെതിരെ ക്രിക്കറ്റ് ലോകം

KL Rahul
അഭിറാം മനോഹർ| Last Modified വെള്ളി, 22 നവം‌ബര്‍ 2024 (10:33 IST)
KL Rahul
പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ സീരീസിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 25 ഓവറില്‍ 51 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. യശ്വസി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ 26 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെയും 5 റണ്‍സെടുത്ത വിരാട് കോലിയുടെയും വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. ഇതില്‍ ഇന്ത്യന്‍ ഇന്നിങ്ങ്‌സിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ച കെ എല്‍ രാഹുലിന്റെ പുറത്താകലാണ് ഇപ്പോള്‍
വിവാദമായിരിക്കുന്നത്.

പ്രത്യക്ഷത്തില്‍ തന്നെ നോട്ടൗട്ട് എന്ന് തോന്നിച്ച ഡെലിവറിയില്‍ കോട്ട് ബിഹൈന്‍ഡ് അപ്പീല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് ആണ് വിധിച്ചിരുന്നത്. എനാല്‍ ഓസ്‌ട്രേലിയ റിവ്യൂ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തേര്‍ഡ് അമ്പയര്‍ നടത്തിയ പരിശോധനയിലാണ് ഫീല്‍ഡ് അമ്പയര്‍ തീരുമാനം തിരുത്തിയത്. അള്‍ട്രാ എഡ്ജിലെ സ്‌പൈക്ക് കണ്ടതിനെ തുടര്‍ന്നാണ് പന്ത് കെ എല്‍ രാഹുലിന്റെ ബാറ്റില്‍ തട്ടിയതായി അമ്പയര്‍ വിധിച്ചത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ തന്നെ പന്ത് ബാറ്റിലല്ല, പാഡിലാണ് തട്ടിയതെന്ന് റിപ്ലേകളില്‍ നിന്നടക്കം വ്യക്തമായിരുന്നു.

ഫ്രണ്ട് ഓണ്‍ ആംഗിള്‍ ആവശ്യപ്പെട്ടെങ്കിലും ഇത് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് അവ്യക്തമായ ആംഗിളില്‍ വന്ന ദൃശ്യങ്ങളില്‍ നിന്നാണ് തേര്‍ഡ് അമ്പയര്‍ തീരുമാനമെടുത്തത്. കെ എല്‍ രാഹുലിന്റെ റിവ്യൂ പരിശോധിക്കാന്‍ തേര്‍ഡ് അമ്പയര്‍ മതിയായ സമയമെടുത്തില്ലെന്നും സ്‌പൈക്ക് കണ്ടയുടന്‍ തന്നെ ബാറ്റില്‍ തട്ടിയാണ് അതെന്ന തീരുമാനമാണ് എടുത്തതെന്നുമാണ് ആരാധകര്‍ പറയുന്നത്. സാധാരണ തെളിവുകള്‍ അവ്യക്തമെങ്കില്‍ തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം നിലനിര്‍ത്തുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ കെ എല്‍ രാഹുലിന്റെ കാര്യത്തില്‍ ഇതുണ്ടായില്ലെന്നും ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :