രേണുക വേണു|
Last Modified തിങ്കള്‍, 3 ജൂണ്‍ 2024 (20:30 IST)
Kedar Jadhav: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം കേദാര്‍ ജാദവ്. 2014 ല്‍ ഇന്ത്യക്കായി അരങ്ങേറിയ കേദാര്‍ ജാദവ് 39-ാം വയസ്സിലാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്. ഇന്ത്യക്കായി 73 ഏകദിനങ്ങളും ഒന്‍പത് ട്വന്റി 20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. എല്ലാവരുടേയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് കേദാര്‍ ജാദവിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
2019 ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു കേദാര്‍ ജാദവ്. ഏകദിനത്തില്‍ 52 ഇന്നിങ്‌സുകളില്‍ നിന്ന് 42.09 ശരാശരിയില്‍ 1389 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും കേദാര്‍ ജാദവിന്റെ പേരിലുണ്ട്. 5.15 ഇക്കണോമിയില്‍ 27 വിക്കറ്റുകളും താരം ഏകദിനത്തില്‍ നേടി.
2020 ല്‍ ന്യൂസിലന്‍ഡിനെതിരായാണ് ജാദവ് അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് വിളി ലഭിച്ചിട്ടില്ല. രഞ്ജി ട്രോഫിയില്‍ 2012 ല്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരമാണ് ജാദവ്. 87 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 48.03 ശരാശരിയില്‍ 6100 റണ്‍സ് താരം നേടി. 93 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 123.17 സ്‌ട്രൈക്ക് റേറ്റില്‍ 1196 റണ്‍സും ജാദവ് നേടിയിട്ടുണ്ട്.