KCL 2024: കേരള ക്രിക്കറ്റ് ലീഗ്: തൃശൂരിനു 'തോല്‍വിത്തുടക്കം'

47 പന്തില്‍ 92 റണ്‍സ് നേടിയ നായകന്‍ മുഹമ്മദ് അസറുദ്ദീനാണ് ആലപ്പി റിപ്പിള്‍സിന്റെ വിജയശില്‍പ്പി

KCL 2024 - Scorecard
രേണുക വേണു| Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (20:54 IST)
KCL 2024 - Scorecard

KCL 2024: കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിന് ജയം. ശക്തരായ തൃശൂര്‍ ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ആലപ്പി റിപ്പിള്‍സ് 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു.

47 പന്തില്‍ 92 റണ്‍സ് നേടിയ നായകന്‍ മുഹമ്മദ് അസറുദ്ദീനാണ് ആലപ്പി റിപ്പിള്‍സിന്റെ വിജയശില്‍പ്പി. ഒന്‍പത് സിക്‌സും മൂന്ന് ഫോറും അടങ്ങിയ ഇന്നിങ്‌സായിരുന്നു അസറുദ്ദീന്റേത്. എട്ട് റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായെങ്കിലും ടീമിനെ വിജയത്തിനു തൊട്ടരികെ എത്തിച്ചാണ് അസറുദ്ദീന്‍ മടങ്ങിയത്. വിനൂപ് മനോഹരന്‍ 27 പന്തില്‍ 30 റണ്‍സും അക്ഷയ് ടി.കെ. 17 പന്തില്‍ പുറത്താകാതെ 18 റണ്‍സും നേടി.

44 പന്തില്‍ 57 റണ്‍സ് നേടിയ അക്ഷയ് മനോഹര്‍ ആണ് തൃശൂര്‍ ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍. വിഷ്ണു വിനോദ് 14 പന്തില്‍ 22 റണ്‍സെടുത്തു. നായകന്‍ വരുണ്ഡ നയനാര്‍ (നാല് പന്തില്‍ ഒന്ന്) നിരാശപ്പെടുത്തി. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആലപ്പി പേസര്‍ ആനന്ദ് ജോസഫാണ് തൃശൂരിന്റെ സ്‌കോര്‍ 161 ല്‍ ഒതുക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :