Cricket Worldcup: 17ന് അഞ്ച്എന്ന നിലയില്‍ നിന്നും ഇന്ത്യയെ തോളിലേറ്റിയ 175 റണ്‍സ്: ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം

അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (20:43 IST)
1975 മുതല്‍ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ ആരംഭിച്ചിങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകകപ്പ് ചരിത്രം ആരംഭിക്കുന്നത് 1983ലെ ലോകകപ്പോടെയാണ്. അതുവരെയും വെറുതെ പങ്കെടുത്തിരുന്ന ചാമ്പ്യന്‍ഷിപ്പില്‍ യാതൊരു സാധ്യതയും കല്‍പ്പിക്കപ്പെടാതിരുന്ന 1983ല്‍ ചാമ്പ്യന്മാരായത് ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു. ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഉണ്ടായതും 1983ലെ ലോകകപ്പിലായിരുന്നു.

ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ആരാധകരെ അത്ഭുതപ്പെടുത്തിയ കപില്‍ ദേവിന്റെ ആ മാസ്മരിക ഇന്നിങ്ങ്‌സ് പിറന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ സുനില്‍ ഗവാസ്‌കറുടെയും ക്രിഷ്ണമാചാരി ശ്രീകാന്തിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. അഞ്ച് വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ ഒരു ഇന്ത്യന്‍ ബാറ്റര്‍ക്ക് പോലും രണ്ടക്കം കടക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇതില്‍ കാര്യങ്ങള്‍ അവസാനിച്ചില്ല. ഒരു ഘട്ടത്തില്‍ 17 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നുവീണ ഇന്ത്യയെ പിന്നീട് കപില്‍ദേവ് ഒറ്റയ്ക്കാണ് മത്സരത്തില്‍ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.


അഞ്ച് വിക്കറ്റ് നഷ്ടമായ സാഹചര്യത്തില്‍ ക്രീസിലെത്തിയ കപില്‍ദേവ് ഒരറ്റത്ത് നിന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 140 റണ്‍സിലെത്തുമ്പോഴേക്ക് ഇന്ത്യയുടെ 8 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ സിംബാബ്‌വെ ബൗളര്‍മാരുടെ പരിചയമില്ലായ്മ ഈ സാഹചര്യം എത്തിയപ്പൊഴേക്ക് കപിലിന് ബോധ്യമായിരുന്നു. അതിനാല്‍ തന്നെ ഒരറ്റത്ത് തനിക്കൊപ്പം നില്‍ക്കാനുള്ള ഒരു കൂട്ട് മാത്രമാണ് കപിലിന് ആവശ്യമായിരുന്നത്. ഒമ്പതാമനായി സയ്യിദ് കിര്‍മാനി എത്തിയതോടെ ഇതും സാധ്യമായി.തകര്‍ച്ചയില്‍ നിന്നും പതിയെ സ്‌കോര്‍ ഉയര്‍ത്തിയ കപില്‍ പിന്നീട് ആഞ്ഞടിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.72 പന്തില്‍ സെഞ്ചുറിയുമായി കുതിച്ച കപില്‍ സിംബാബ്‌വെ ബൗളര്‍മാരെ തലങ്ങും വിലങ്ങും ബൗണ്ടറിയിലേക്ക് പായിച്ചു. 16 ബൗണ്ടറികളും 6 സിക്‌സുമടങ്ങുന്നതായിരുന്നു കപില്‍ദേവിന്റെ മാസ്മരികമായ ആ ഇന്നിങ്ങ്‌സ്. 175 റണ്‍സുമായി കപില്‍ പുറത്താകാതെ നിന്ന മത്സരത്തില്‍ 17ന് അഞ്ച് എന്ന നിലയില്‍ നിന്ന ഇന്ത്യ 266 റണ്‍സിന് 8 വിക്കറ്റ് എന്ന നിലയിലാണ് ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചത്. 24 റണ്‍സുമായി സയ്യിദ് കിര്‍മാനിയും 22 റണ്‍സുമായി റോജര്‍ ബിന്നിയുമായിരുന്നു മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ടക്കം തികച്ച മറ്റ് ബാറ്റര്‍മാര്‍.

മത്സരത്തില്‍ ഇന്ത്യയുയര്‍ത്തിയ 267 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയ്ക്ക് 235 റണ്‍സാണ് മത്സരത്തില്‍ നേടാനായത്. വിജയത്തോടെ ലോകകപ്പിന്റെ അടുത്തഘട്ടത്തിലേക്ക് മുന്നേറാനും ഒടുവില്‍ ലോകകിരീടം തന്നെ സ്വന്തമാക്കാനും ഇന്ത്യന്‍ നിരയ്ക്ക് സാധിച്ചു എന്നത് ചരിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :