അഭിറാം മനോഹർ|
Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (19:16 IST)
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 434 ടെസ്റ്റ് വിക്കറ്റുകളെന്ന പേസ് ഇതിഹാസം കപിൽദേവിന്റെ റെക്കോർഡ് മറികടന്ന് ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ ഇന്ത്യക്കാരില്‍ രണ്ടാമനായ ആര്‍ അശ്വിനെ പുകഴ്‌ത്തി കപിൽ ദേവ്. മതിയായ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ
അശ്വിൻ വളരെ നേരത്തെ തന്നെ തന്റെ റെക്കോർഡ് മറികടക്കുമായിരുന്നുവെന്ന് കപിൽദേവ് പറഞ്ഞു.
അശ്വിന്റേത് മഹത്തായ നേട്ടമാണ്.പ്രത്യേകിച്ചും കഴിഞ്ഞ കാലത്ത് മതിയായ അവസരങ്ങള്‍ ലഭിക്കാത്ത ഒരു കളിക്കാരനെന്ന നിലയില്‍. അവസരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അശ്വിന്‍ വളരെ നേരത്തെ എന്‍റെ റെക്കോര്‍ഡ് മറികടക്കുമായിരുന്നു. കപിൽ ദേവ് പറഞ്ഞു.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനം ശ്രീലങ്കൻ ബാറ്റർ ചരിത് അസലങ്കയെ പുറത്താക്കിയാണ് 35കാരനായ അശ്വിന്‍ കപിലിനെ മറികടന്ന് 435 വിക്കറ്റിലെത്തിയത്. 619 വിക്കറ്റുകള്‍ നേടിയിട്ടുള്ള അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇനി അശ്വിന് മുന്നിലുള്ളത്. 2004ലായിരുന്നു കുംബ്ലെ കപിലിന്റെ റെക്കോർഡ് നേട്ടം മറികടന്നത്.
അശ്വിൻ ഇനി 500 വിക്കറ്റുകളാണ് ലക്ഷ്യമിടേണ്ടതെന്നും ആ നേട്ടം ഉറപ്പായും അശ്വിൻ സ്വന്തമാക്കുമെന്നും കപിൽ പറഞ്ഞു. അതേസമയം ഒരിക്കൽ പോലും സ്വപ്‌നം കാണാതിരുന്ന നേട്ടമാണ് സ്വന്തമാക്കിയത് എന്നാണ് റെക്കോർഡ് നേട്ടത്തിൽ അശ്വിന്റെ പ്രതികരണം.