രേണുക വേണു|
Last Modified ശനി, 30 നവംബര്‍ 2024 (10:31 IST)
Adelaide Test: ഇന്ത്യക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ജോ ഹെസല്‍വുഡ് കളിക്കില്ല. പരുക്കിനെ തുടര്‍ന്നാണ് ഹെസല്‍വുഡിന് ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് നഷ്ടമാകുക. ഇന്ത്യക്കെതിരായ ഹോം ടെസ്റ്റ് പരമ്പരകളില്‍ ആദ്യമായാണ് ഹെസല്‍വുഡിന് ഒരു മത്സരം നഷ്ടമാകുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റിനു മുന്നോടിയായുള്ള പരിശീലന സെഷനിലാണ് ഹെസല്‍വുഡിന് പരുക്കേറ്റത്.
ഹെസല്‍വുഡിനു പകരം സ്‌കോട്ട് ബോളണ്ട് ആയിരിക്കും അഡ്‌ലെയ്ഡ് ടെസ്റ്റില്‍ പന്തെറിയുക. 2023 ല്‍ ആഷസ് പരമ്പരയിലാണ് ബോളണ്ട് അവസാനമായി ഓസ്‌ട്രേലിയയ്ക്കായി ടെസ്റ്റ് കളിച്ചത്.
2021 ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ 36 ന് ഓള്‍ഔട്ട് ആയപ്പോള്‍ അഞ്ച് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ഹെസല്‍വുഡ് വീഴ്ത്തിയത്. ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ ഹെസല്‍വുഡ് സ്വന്തമാക്കിയിരുന്നു.