ഐ‌പിഎൽ ഇതിഹാസമാവാനുള്ള യാത്രയിൽ ജോസ് ബട്ട്ലർ, ഏത് ടീമും കൊതിക്കുന്ന ഓപ്പണർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (18:39 IST)
ഐപിഎല്ലിൽ തന്റെ ഫോമിന്റെ പാരമ്യത്തിലാണ് ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലർ. മറ്റ് ടീമുകളിലെ മുൻനിര‌താരങ്ങൾ പലപ്പോഴും പരാജയമാവുമ്പോൾ തുടർച്ചയായി റൺസ് കണ്ടെത്തി അമ്പരപ്പിക്കുകയാണ് ബട്ട്‌ലർ. നിലവിലെ ഐ‌പി‌എല്ലിൽ രണ്ട് സെഞ്ചുറികൾ ഇതിനോടകം താരം നേടികഴിഞ്ഞു.

ഇന്നലെ കൊ‌ൽക്കത്തയ്ക്കെതിരെ നടന്ന മത്സരത്തിൽ വ്ദത്ത് പടിക്കലിനൊപ്പം 97 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ബട്‌ലര്‍ തന്റെ ഇരുപത്തിയൊന്‍പതാം ബോളില്‍ ഫിഫ്റ്റിയും അന്‍പത്തിയൊന്‍പതാം ബോളിൽ സെഞ്ചുറിയും പൂർത്തിയാക്കി. പതിനഞ്ചാമത് സീസണിലെ തന്റെ രണ്ടാം സെഞ്ചുറിയും ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടി നേടുന്ന മൂന്നാം സെഞ്ചുറിയുമാണിത്.

ഇതോടെ രാജസ്ഥാന്‍ ടീമിനായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യത്തെ താരമായി ബട്ട്‌ലര്‍ മാറി.രണ്ട് വീതം സെഞ്ച്വറി നേടിയ രഹാനെ, വാട്‌സണ്‍ എന്നിവരെയാണ് ഈ ലിസ്റ്റില്‍ ബട്ട്‌ലര്‍ പിന്നിലാക്കിയത്.ഒരു ഐപില്‍ സീസണിലെ ഒന്നിലേറെ സെഞ്ച്വറി സ്വന്തമാക്കുന്ന ആറാമത്തെ മാത്രം താരമാണ് ബട്ട്‌ലർ.

ഒരു ഐപിഎൽ സീസണിൽ 4 സെഞ്ചുറികൾ സ്വന്തമാക്കിയ വിരാട് കോലിയാണ് പട്ടികയിൽ മുൻപിൽ ക്രിസ് ഗെയ്ല്‍, ഹാഷിം അംല, ഷെയ്ന്‍ വാട്‌സണ്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് ഈ ലിസ്റ്റില്‍ സ്ഥാനം പിടിച്ച മറ്റുള്ള ബാറ്റ്സ്മാന്മാര്‍. നേരത്തെ മുംബൈയ്ക്കെതിരായ മത്സരത്തിലാണ് ഈ സീസണിൽ ബട്ട്‌ലർ സെഞ്ചുറി സ്വന്തമാക്കിയത്.

2022 ഐപിഎല്ലിൽ 6 മത്സരങ്ങളിൽ നിന്ന് 75 ശരാശരിയിൽ 375 റൺസാണ് താരം അടിച്ചെടുത്തത്. 2 സെഞ്ചുറികളും 2 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. സീസണിൽ 23 സിക്സറുകളാണ് ബട്ട്‌ലർ ഇതുവരെ പറത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :