അഭിറാം മനോഹർ|
Last Modified ചൊവ്വ, 24 ഡിസംബര്‍ 2024 (20:18 IST)
ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്ക് ശേഷമായി നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വൈകാതെ തന്നെ പ്രഖ്യാപിച്ചേക്കും. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20 മത്സരങ്ങളും 3 ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ജനുവരി 22 മുതലാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ഏകദിന പരമ്പര ഫെബ്രുവരി 6 മുതല്‍ 12 വരെ നടക്കും. വിജയ് ഹസാരെ ടൂര്‍ണമെന്റിലെ പ്രകടനങ്ങള്‍ കൂടി വിലയിരുത്തിയാകും ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ഓപ്പണറായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിക്കുമെന്ന് ഉറപ്പാണ്. അതേസമയം ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പ് ഇന്ത്യ കളിക്കുന്ന ഏകദിന പരമ്പരയായതിനാല്‍ സീനിയര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിനാല്‍ ടി20 ടീമില്‍ മാത്രമാകും സഞ്ജു ഇടം പിടിക്കുക. ഐപിഎല്ലില്‍ ഏറെക്കാലമായി ഒരുമിച്ച് കളിക്കുന്ന ഇംഗ്ലണ്ട് നായകനായ ജോസ് ബട്ട്ലര്‍ക്കെതിരെ സഞ്ജു കളിക്കുന്നുവെന്ന പ്രത്യേകതയും ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ക്കുണ്ട്. ഐപിഎല്ലില്‍ ഇരുതാരങ്ങളും എതിര്‍ചേരികളിലായി ഏറ്റുമുട്ടുന്നതിന് മുന്‍പായിട്ടാണ് ദേശീയ ടീമുകള്‍ക്കായി ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.