രേണുക വേണു|
Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (20:29 IST)
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിന്റെ തീപ്പൊരി പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിന് മേജര്‍ ടൂര്‍ണമെന്റുകളും നഷ്ടമാകുന്നു. ടി 20 ലോകകപ്പ്, ആഷസ് പരമ്പര എന്നിവയില്‍ ആര്‍ച്ചര്‍ കളിക്കില്ല. ഈ സീസണില്‍ അവശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളും ആര്‍ച്ചറിന് നഷ്ടമാകും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ് ആര്‍ച്ചര്‍.
വലത് കൈമുട്ടിനേറ്റ ഗുരുതര പരുക്കാണ് ആര്‍ച്ചറിന് തിരിച്ചടിയായി. മേയിലാണ് ആര്‍ച്ചറിന്റെ വലത് കൈ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. എന്നാല്‍, ഈ ശസ്ത്രക്രിയയ്ക്ക് ശേഷവും താരത്തിനു സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. ബോള്‍ എറിയുമ്പോള്‍ വലത് കൈയ്ക്ക് ബുദ്ധിമുട്ടുണ്ടെന്നാണ് താരം പറയുന്നത്. ദീര്‍ഘകാല വിശ്രമം താരത്തിനു വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.