അഭിറാം മനോഹർ|
Last Modified വ്യാഴം, 10 ഒക്‌ടോബര്‍ 2024 (14:48 IST)
പാകിസ്ഥാനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റില്‍ തകര്‍ത്തടിച്ച് ഹാരി ബ്രൂക്കും ജോ റൂട്ടും. ഒരു ഘട്ടത്തില്‍ ഇരുതാരങ്ങളും ട്രിപ്പിള്‍ സെഞ്ചുറി സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും 262 റണ്‍സിലെത്തി നില്‍ക്കെ സല്‍മാന്‍ അലി ആഘയ്ക്ക് മുന്നില്‍ ജോ റൂട്ട് അടിയറവ് പറഞ്ഞു. എന്നാല്‍ യുവതാരമായ ഹാരി ബ്രൂക്ക് ടെസ്റ്റിലെ തന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി നേട്ടം സ്വന്തമാക്കി. ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് നേട്ടം തകര്‍ക്കാനുള്ള അവസരം മുന്നിലുണ്ടായിരുന്നെങ്കിലും ഹാരി ബ്രൂക്കിന്റെ ഇന്നിങ്ങ്‌സ് 317 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
മുള്‍ട്ടാനിലെ ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ ഓപ്പണര്‍ അബ്ദുള്ള ഷെഫീക്കിന്റെയും നായകന്‍ ഷാന്‍ മസൂദിന്റെയും സല്‍മാന്‍ അലി ആഘയുടെയും സെഞ്ചുറികളുടെ കരുത്തില്‍ 149 ഓവറില്‍ 556 റണ്‍സാണ് നേടിയത് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വെറും 4 റണ്‍സില്‍ തന്നെ നേടാനായെങ്കിലും പിന്നീട് മത്സരത്തില്‍ പാകിസ്ഥാന് ഒരു അവസരം പോലും നല്‍കാതെയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ മുന്നേറിയത്.
ഓപ്പണിംഗ് താരമായ സാക് ക്രോളി 78 റണ്‍സിനും ഒലി പോപ്പ് പൂജ്യത്തിനും പുറത്തായപ്പോള്‍ ബെന്‍ ഡെക്കറ്റ് 75 പന്തില്‍ 84 റണ്‍സുമായി മടങ്ങി. ടീം സ്‌കോര്‍ 249ല്‍ നില്‍ക്കെ കൂടിചേര്‍ന്ന ജോ റൂട്ട്- ഹാരി ബ്രൂക്ക് സഖ്യം 453 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് വേര്‍പിരിഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.