11 പന്തില്‍ 27 ! നിര്‍ണായക ഇന്നിങ്‌സ് കളിച്ച് നീഷം; ടീം ഫൈനലിലെത്തിയിട്ടും ആഘോഷിക്കാതെ കിവീസ് താരം, നീഷം കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാത്തതിനു കാരണം ഇതാണ്

രേണുക വേണു| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (08:50 IST)

എല്ലാം അവസാനിച്ചെന്ന് തോന്നിയിടത്തു നിന്ന് കിവീസ് ചിറകടിച്ചു പറന്നുയര്‍ന്നു. ശക്തരായ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് ടി 20 ലോകകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയപ്പോള്‍ കിവീസ് കൃത്യം ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.

13-2 എന്ന നിലയില്‍ പരുങ്ങിയ ന്യൂസിലന്‍ഡ് ഒരു സമയത്ത് കളി പൂര്‍ണമായി കൈവിട്ടതാണ്. റണ്‍റേറ്റ് എട്ടില്‍ കുറവായിരിക്കെ ജയിക്കാന്‍ 13 ല്‍ കൂടുതല്‍ റണ്‍റേറ്റ് ആവശ്യമായ സാഹചര്യം പോലും ഉണ്ടായി. എന്നാല്‍, കിവീസ് തളര്‍ന്നില്ല. ഡാരില്‍ മിച്ചലും ജെയിംസ് നീഷവും ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ന്യൂസിലന്‍ഡിനെ രക്ഷിക്കുകയായിരുന്നു. മിച്ചല്‍ 47 പന്തില്‍ നാല് ഫോറും നാല് സിക്സുമായി 72 റണ്‍സ് നേടി പുറത്താകാതെ നിന്നു. മൂന്ന് സിക്സും ഒരു ഫോറുമായി വെറും 11 പന്തില്‍ 27 റണ്‍സ് അടിച്ചുകൂട്ടിയ ജിമ്മി നീഷത്തിന്റെ ഇന്നിങ്സ് കിവീസിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ന്യൂസിലന്‍ഡിനെ വിജയതീരത്ത് അടുപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും മത്സരശേഷം നീഷം നിശബ്ദനായിരുന്നു. മറ്റ് കിവീസ് താരങ്ങളെല്ലാം വിജയം ആഘോഷിച്ചപ്പോള്‍ നീഷം ഡഗ്ഔട്ടിലെ കസേരയില്‍ പാറ പോലെ ഉറച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നീഷം നിശബ്ദനായി അനങ്ങാതെ ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നു. ഒടുവില്‍ എല്ലാവരുടെയും സംശയങ്ങള്‍ക്ക് മറുപടിയുമായി നീഷം തന്നെ രംഗത്തെത്തി. 'ഉത്തരവാദിത്തം കഴിഞ്ഞോ? ഇല്ല എനിക്ക് അങ്ങനെ തോന്നുന്നില്ല' എന്നാണ് നീഷത്തിന്റെ മറുപടി. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഫൈനലില്‍ ജയിച്ച് കിരീടം സ്വന്തമാക്കുകയാണ് ഏറ്റവും വലിയ ഉത്തരവാദിത്തമെന്ന് നീഷം പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ്. ഈ ഒരൊറ്റ കാരണത്താലാണ് കിവീസിന്റെ തുറുപ്പുചീട്ട് ഡഗ്ഔട്ടിലെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാതിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :