രേണുക വേണു|
Last Modified വെള്ളി, 3 ജനുവരി 2025 (13:22 IST)
Jasprit Bumrah vs Sam Konstas: സിഡ്‌നിയെ 'തീപിടിപ്പിച്ച്' ജസ്പ്രിത് ബുംറയും സാം കോണ്‍സ്റ്റാസും തമ്മിലുള്ള പോര്. കോണ്‍സ്റ്റാസിന്റെ സ്ലെഡ്ജിങ്ങിനു ബുംറ മറുപടി നല്‍കിയത് ഓസീസ് താരത്തിന്റെ വിക്കറ്റെടുത്താണ്. സിഡ്‌നി ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സിനിടെയാണ് സംഭവം.
ഒന്നാം ദിനത്തിലെ അവസാന ഓവര്‍ എറിയാനെത്തിയതാണ് ബുംറ. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലെ അഞ്ചാം പന്തിനു ശേഷം ക്രീസില്‍ നില്‍ക്കുകയായിരുന്ന ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയും ജസ്പ്രിത് ബുംറയും തമ്മില്‍ സംസാരമുണ്ടായി. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുകയായിരുന്ന 19 കാരന്‍ സാം കോണ്‍സ്റ്റാസ് ഇതിനിടയില്‍ ഇടപെടുകയായിരുന്നു. കോണ്‍സ്റ്റാസിന്റെ സ്ലെഡ്ജിങ് ബുംറയ്ക്ക് അത്ര പിടിച്ചില്ല. പൊതുവെ ശാന്തശീലനായ ബുംറ കോണ്‍സ്റ്റാസിനോടു തിരിച്ചു സംസാരിച്ചു. ഇതിനിടെ ഇരുവരും വാക്കേറ്റത്തിലാകുകയും നേര്‍ക്കുനേര്‍ വരികയും ചെയ്തു. ഒടുവില്‍ അംപയര്‍ ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്.
ഈ സംഭവത്തിനു ശേഷം തൊട്ടടുത്ത പന്തില്‍ ഉസ്മാന്‍ ഖ്വാജയെ സ്ലിപ്പില്‍ കെ.എല്‍.രാഹുലിന്റെ കൈകളില്‍ എത്തിച്ച് ബുംറ മടക്കി. ഖ്വാജയുടെ വിക്കറ്റ് എടുത്തതിനു പിന്നാലെ ബുംറ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള കോണ്‍സ്റ്റാസിന്റെ അടുത്തേക്ക് ചീറിയടുക്കുകയായിരുന്നു. കോണ്‍സ്റ്റാസിനെ ഉന്നമിട്ടായിരുന്നു ബുംറയുടെ ആഘോഷ പ്രകടനം. പ്രസിത് കൃഷ്ണ, ശുഭ്മാന്‍ ഗില്‍ അടക്കമുള്ള സഹതാരങ്ങളും കോണ്‍സ്റ്റാസിന്റെ അടുത്തു പോയാണ് ആഘോഷം നടത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
അതേസമയം സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 185 നു റണ്‍സിനു ഓള്‍ഔട്ടായി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് റണ്‍സാണ് എടുത്തിരിക്കുന്നത്.