ടെസ്റ്റിൽ 1000 റൺസ് അതിവേഗത്തിൽ തികയ്ക്കുന്ന ഇന്ത്യൻ താരം, ധരംശാലയിലും ജയ്സ്വാളിനെ കാത്ത് റെക്കോർഡ്

Jaiswal
Jaiswal
അഭിറാം മനോഹർ| Last Modified വെള്ളി, 1 മാര്‍ച്ച് 2024 (14:54 IST)
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിലും ഓപ്പണിംഗ് താരം യശ്വസി ജയ്‌സ്വാളിനെ കാത്ത് വമ്പന്‍ റെക്കോര്‍ഡ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ സീരീസിലെ നാല് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 93.57 റണ്‍സ് ശരാശരിയില്‍ 655 റണ്‍സ് താരം ഇതിനകം നേടി കഴിഞ്ഞു. ധരംശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ 29 റണ്‍സ് നേടാനായാല്‍ രാജ്യാന്തര ടെസ്റ്റ് കരിയറില്‍ 1000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കാന്‍ ജയ്‌സ്വാളിന് സാധിക്കും.

ധരംശാല ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തുകയാണെങ്കില്‍ ടെസ്റ്റില്‍ 1000 റണ്‍സില്‍ അതിവേഗത്തിലെത്തുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ജയ്‌സ്വാളിന്റെ പേരിലാകും. 11 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 1000 റണ്‍സ് തികച്ച ചേതേശ്വര്‍ പുജാരയുടെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡ് നേട്ടമുള്ളത്. 11 ടെസ്റ്റുകളിലെ 18 ഇന്നിങ്ങ്‌സുകളില്‍ നിന്നായിരുന്നു പുജാരയുടെ നേട്ടം.

Read Here:
ജയ്സ്വാളിന് 120 റൺസ് കൂടി നേടാനാവുമോ? കാത്തിരിക്കുന്നത് അവിസ്മരണീയമായ നേട്ടം

അതേസമയം ഇന്നിങ്ങ്‌സുകളുടെ കണക്കെടുത്താല്‍ മുന്‍ ഇന്ത്യന്‍ താരമായ വിനോദ് കാംബ്ലിയുടെ പേരിലാണ് ഈ റെക്കോര്‍ഡുള്ളത്. 12 ടെസ്റ്റ് മത്സരങ്ങളിലെ 14 ഇന്നിങ്ങ്‌സുകളില്‍ നിന്നുമായിരുന്നു കാംബ്ലിയുടെ നേട്ടം. 11 മത്സരങ്ങളിലെ 21 ഇന്നിങ്ങ്‌സുകളില്‍ നിന്നും 1000 റണ്‍സിലെത്തിയ ഇതിഹാസതാരം സുനില്‍ ഗവാസ്‌കറാണ് പട്ടികയില്‍ രണ്ടാമതുള്ളത്. 12 ടെസ്റ്റ് മത്സരങ്ങളിലെ 19 ഇന്നിങ്ങ്‌സുകളില്‍ നിന്നും 1000 റണ്‍സിലെത്തിയ മായങ്ക് അഗര്‍വാള്‍ ലിസ്റ്റില്‍ നാലാമതാണ്.

8 ടെസ്റ്റുകളിലെ 15 ഇന്നിങ്ങ്‌സുകളില്‍ നിന്നും 971 റണ്‍സാണ് ജയ്‌സ്വാളിന്റെ പേരിലുള്ളത്. 7 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 1000 റണ്‍സിലെത്തിയ ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാനാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. 9 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഈ നേട്ടത്തിലെത്തിയ ഇംഗ്ലണ്ടിന്റെ ഹെര്‍ബര്‍ട്ട് സ്യൂട്ക്ലിഫ്,എവര്‍ട്ടണ്‍ വീക്ക്‌സ്,ജോര്‍ജ് ഹെഡ്‌ലി എന്നിവരാണ് ലിസ്റ്റില്‍ രണ്ടാമത്. ധരംശാലയില്‍ 29 റണ്‍സ് നേടാനായാല്‍ ഈ താരങ്ങള്‍ക്കൊപ്പം ടെസ്റ്റില്‍ 1000 റണ്‍സ് അതിവേഗത്തില്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ താരമെന്ന നേട്ടം ജയ്‌സ്വാളിന്റെ പേരിലാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :