അഭിറാം മനോഹർ|
Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (14:50 IST)
ജയ്‌സ്വാളിനെ പോലുള്ള യുവതാരങ്ങള്‍ ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന ഇംഗ്ലണ്ട് ഓപ്പണിംഗ് താരം ബെന്‍ ഡെക്കറ്റിന്റെ പ്രതികരണത്തിനെതിരെ മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈന്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ജയ്‌സ്വാള്‍ ഇരട്ടസെഞ്ചുറി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ജയ്‌സ്വാളിനെ പോലുള്ള താരങ്ങള്‍ ബാസ്‌ബോള്‍ ശൈലി അനുകരിക്കുന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് ഇംഗ്ലണ്ടിന് അവകാശപ്പെട്ടതാണെന്ന് ഇംഗ്ലണ്ട് താരമായ ബെന്‍ ഡെക്കറ്റ് പറഞ്ഞത്.
എന്നാല്‍ ഈ അഭിപ്രായപ്രകടനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈന്‍. ജയ്‌സ്വാളിനെ ബാസ്‌ബോള്‍ ശൈലി പഠിപ്പിച്ചത് ഇംഗ്ലണ്ടല്ലെന്നും ഒട്ടേറെ കഷ്ടപ്പാടുകളില്‍ നിന്നും ഉയര്‍ന്നുവന്ന ജയ്‌സ്വാള്‍ പഠിച്ചത് തന്റെ ജീവിതത്തില്‍ നിന്നും ഐപിഎല്ലില്‍ നിന്നുമാണെന്നും നാസര്‍ ഹുസൈന്‍ പറയുന്നു. ജയ്‌സ്വാളിനെ ഇന്നത്തെ ജയ്‌സ്വാളാക്കി മാറ്റിയത് അവന്‍ കടന്നുവന്ന വഴികളും ആ കഷ്ടപ്പാടും ഐപിഎല്ലുമാണ്, അല്ലാതെ ബാസ്‌ബോളല്ല. അവനില്‍ നിന്നും കാര്യങ്ങള്‍ കണ്ടുപഠിക്കാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്നും സ്‌കൈ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ നാസര്‍ ഹുസൈന്‍ പറഞ്ഞു.
പൊതുവേദിയിലോ ഡ്രസ്സിംഗ് റൂമിലോ വെച്ച് പറയുന്നത് എന്തൊക്കെ തന്നെയായാലും അതില്‍ ആത്മപരിശോധനയാകാമെന്നും ജയ്‌സ്വാളില്‍ നിന്നും കണ്ടുപഠിക്കാന്‍ ശ്രമിക്കണമെന്നും ബാസ്‌ബോള്‍ എന്നത് ഇനിയും മെച്ചപ്പെടുത്തലുകള്‍ ആവശ്യമായ ശൈലിയാണെന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.