ഭാവിയിലേക്കുള്ള നിക്ഷേപമായി ഇഷാന്‍ കിഷന്‍-ഋതുരാജ് ഗെയ്ക്വാദ് സഖ്യം; ധവാനും രോഹിത്തിനും പകരക്കാരാകുമോ?

രേണുക വേണു| Last Modified ബുധന്‍, 15 ജൂണ്‍ 2022 (15:01 IST)

ഋതുരാജ് ഗെയ്ക്വാദ് - ഇഷാന്‍ കിഷന്‍ ഓപ്പണിങ് സഖ്യത്തെ പുകഴ്ത്തി ഇന്ത്യന്‍ ആരാധകര്‍. ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ കൂട്ടുകെട്ടിന് പകരക്കാരാകാന്‍ ഗെയ്ക്വാദിനും ഇഷാനും സാധിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ പരീക്ഷിച്ചു ജയിച്ച ലെഫ്റ്റ്-റൈറ്റ് കോംബിനേഷന്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇവരിലൂടെ തുടരാമെന്നും ആരാധകര്‍ വിലയിരുത്തുന്നു.

ഭാവിയിലേക്കുള്ള നിക്ഷേപം എന്ന രീതിയിലാണ് ഇരു താരങ്ങളേയും ബിസിസിഐയും ആരാധകരും കാണുന്നത്. ഇരുവരുടേയും പ്രായം തന്നെയാണ് അതില്‍ ഒന്നാമത്തെ അനുകൂല ഘടകം. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശിഖര്‍ ധവാന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. 35 കാരനായ രോഹിത് ശര്‍മയും ഇനി അധികകാലം ഇന്ത്യന്‍ ടീമില്‍ ഉണ്ടാകില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ യുവതാരങ്ങളായ ഋതുരാജ് ഗെയ്ക്വാദിനും ഇഷാന്‍ കിഷനും കൂടുതല്‍ സാധ്യതകള്‍ നല്‍കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇരുവരും ബിസിസിഐയ്ക്ക് തങ്ങളിലുള്ള വിശ്വാസം കാക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്.

പവര്‍പ്ലേയില്‍ ബൗളര്‍മാരെ ഡോമിനേറ്റ് ചെയ്യാനുള്ള കഴിവ് ഋതുരാജ് ഗെയ്ക്വാദിനെ വേറിട്ടു നിര്‍ത്തുന്നു. ഏത് ബൗളര്‍ ആണെങ്കിലും ടീമിന് മൊമന്റം നല്‍കുന്ന രീതിയില്‍ സ്‌കോര്‍ ഉയര്‍ത്താനാണ് ഗെയ്ക്വാദ് ശ്രമിക്കുന്നത്. അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനുള്ള ഗെയ്ക്വാദിന്റെ കഴിവ് സെലക്ടര്‍മാരെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്.

മറുവശത്ത് ആദ്യം പ്രതിരോധിച്ച് കളിക്കുകയും പിന്നീട് ആക്രമണത്തിലേക്ക് ട്രാക്ക് മാറ്റുകയും ചെയ്യുന്ന ശൈലിയാണ് ഇഷാന്‍ കിഷന്റേത്. ഇതും ടീം ടോട്ടലിന് ഗുണം ചെയ്യുന്നുണ്ട്. ക്രീസില്‍ നില്‍ക്കുമ്പോള്‍ പരീക്ഷണങ്ങള്‍ക്ക് പേടിയില്ലാത്ത താരമാണ് ഇഷാന്‍. ഭയമില്ലാതെ ആക്രമിച്ച് കളിക്കുന്നതാണ് ശൈലി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇത് ഇന്ത്യക്ക് ഗുണം ചെയ്യും. ഋതുരാജ് വലംകൈയന്‍ ബാറ്ററും ഇഷാന്‍ ഇടംകൈയന്‍ ബാറ്ററുമാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :