രേണുക വേണു|
Last Modified വെള്ളി, 6 ഒക്‌ടോബര്‍ 2023 (12:26 IST)
ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇടംകയ്യന്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ ഓപ്പണറാകും. രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ തന്നെ ഓപ്പണര്‍ ആകട്ടെ എന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നിലപാട്. കെ.എല്‍.രാഹുലിനെ മധ്യനിരയില്‍ നിന്ന് ഓപ്പണര്‍ സ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ ടീം മാനേജ്‌മെന്റിന് വിയോജിപ്പുണ്ട്. രാഹുല്‍ മധ്യനിരയില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെന്നാണ് ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നത്.
ആദ്യത്തെ രണ്ടോ മൂന്നോ കളികള്‍ ഗില്ലിന് നഷ്ടപ്പെടാനാണ് സാധ്യത. പത്ത് ദിവസം വരെയെങ്കിലും താരത്തിനു വിശ്രമം വേണ്ടിവരും. അങ്ങനെ വന്നാല്‍ ആദ്യത്തെ ഏതാനും കളികളില്‍ ഇഷാന്‍ കിഷന്‍ തന്നെയായിരിക്കും ഇന്ത്യയുടെ ഓപ്പണര്‍.
ലോകകപ്പിനായി ചെന്നൈയില്‍ എത്തിയതു മുതല്‍ ഗില്ലിന് ശക്തമായ പനിയുണ്ട്. ഇന്ന് വൈകിട്ട് ഒരു പരിശോധനയ്ക്ക് കൂടി താരത്തെ വിധേയനാക്കും. അതിനു ശേഷമായിരിക്കും എത്ര മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. എട്ടാം തിയതി ഞായറാഴ്ചയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഓസ്‌ട്രേലിയയാണ് എതിരാളികള്‍.