അഭിറാം മനോഹർ|
Last Modified ബുധന്‍, 3 ജൂലൈ 2024 (20:01 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ സമീപകാലം വരെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറും ഓപ്പണിംഗ് താരവുമായിരുന്നു ഇഷാന് കിഷന്. റിഷഭ് പന്ത് അപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഒന്നര കൊല്ലത്തെ ഇടവേളകളില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ വിക്കറ്റ് കീപ്പറായി പരിഗണിച്ചിരുന്നത് ഇഷാന് കിഷനെയായിരുന്നു. ഏകദിന ലോകകപ്പില്‍ പകുതിയ്ക്ക് വെച്ച് ടീമില്‍ നിന്ന് പിന്മാറിയ താരത്തിന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഇടം നേടാനായിരുന്നില്ല. എന്നാല്‍ ലോകകപ്പിന് ശേഷം നടക്കുന്ന സിംബാബ്വെ പര്യടനത്തില്‍ താരം തിരിച്ചെത്തുമെന്നാണ് കരുതിയത്.
എന്നാല്‍ സഞ്ജു സാംസണെ ഒന്നാം വിക്കറ്റ് കീപ്പറായും ധ്രുവ് ജുറലിനെ രണ്ടാം ചോയ്സായുമാണ് ടീം തിരെഞ്ഞെടുത്തത്. ഈ ഘട്ടത്തിന് പിന്നാലെ സഞ്ജു കളിക്കാത്ത മത്സരങ്ങളില്‍ സഞ്ജുവിന് പകരമായി പുതിയ താരത്തെ പ്രഖ്യാപിച്ചപ്പോഴും ബിസിസിഐ ഇഷാന് കിഷനെ അവഗണിച്ചു. സഞ്ജു സാംസണിന് പകരം പഞ്ചാബ് കിംഗ്സ് താരമായ ജിതേഷ് ശര്‍മയെയാണ് ബിസിസിഐ തിരെഞ്ഞെടുത്തത്.
ഏകദിനത്തില്‍ ഇരട്ടസെഞ്ചുറിയും തുടര്‍ച്ചയായി മികച്ച പ്രകടനങ്ങളും നടത്താനായെങ്കിലും ഏകദിന ലോകകപ്പില്‍ ടീം മാനേജ്മെന്റിന്റെ അതൃപ്തിക്ക് വിധേയനായ താരത്തെ പിന്നീടൊരിക്കലും ഇന്ത്യന്‍ ടീം പരിഗണിച്ചിട്ടില്ല. സിംബാബ്വെ പര്യടനത്തിലെ ആദ്യമത്സരങ്ങളില്‍ സഞ്ജു സാംസണ് ഇല്ലാത്ത സ്ഥിതിക്ക് സഞ്ജുവിന്റെ പകരക്കാരനായെങ്കിലും ഇഷാനെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്നും യുവതാരത്തിന്റെ കരിയര്‍ ബിസിസിഐ തകര്‍ക്കരുതെന്നും ആരാധകര്‍ പറയുന്നു.