രേണുക വേണു|
Last Modified വെള്ളി, 18 ഫെബ്രുവരി 2022 (14:53 IST)
മികച്ച ഫോമില്‍ തുടരുമ്പോഴും പരിമിത ഓവര്‍ ക്രിക്കറ്റില്‍ രാജ്യാന്തര ടീമിന്റെ ഭാഗമാകാന്‍ ഋതുരാജ് ഗെയ്ക്വാദിന് ഉടന്‍ സാധിക്കില്ല. കെ.എല്‍.രാഹുല്‍-രോഹിത് ശര്‍മ കൂട്ടുകെട്ടിന് തന്നെയാണ് ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്നത്. രാഹുലിന്റെ അസാന്നിധ്യത്തില്‍ രോഹിത് ഓപ്പണറായി തിരഞ്ഞെടുക്കുന്നത് ഇഷാന് കിഷനെയാണ്. അതുകൊണ്ട് തന്നെ ഗെയ്ക്വാദിന്റെ മുന്നിലുള്ള വഴികള്‍ ദുര്‍ഘടമാണ്. രാഹുലിനേയും ഇഷാന് കിഷനേയും മറികടന്ന് മാത്രമേ ഋതുരാജ് ഗെയ്ക്വാദിന് ഓപ്പണറുടെ റോളിലേക്ക് എത്താന്‍ സാധിക്കൂ.
രണ്ടാം വിക്കറ്റ് കീപ്പര്‍ എന്ന ഓപ്ഷനാണ് കെ.എല്‍.രാഹുലിനും ഇഷാന് കിഷനും പ്ലസ് പോയിന്റ് ആയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഋതുരാജ് ബാറ്റിങ്ങില്‍ എത്ര മികവ് പുലര്‍ത്തിയാലും ആദ്യ പരിഗണന രാഹുലിനും ഇഷാനും തന്നെ. ഉപനായകന്‍ ആണെന്ന പരിഗണന രാഹുലിനും ഇടംകയ്യന്‍ ബാറ്റര്‍ ആണെന്ന പരിഗണന ഇഷാന് കിഷനും ലഭിക്കുന്നു. മുംബൈ ഇന്ത്യന്‍സില്‍ തനിക്കൊപ്പം കളിച്ച് അനുഭവസമ്പത്തുള്ള ഇഷാന് കിഷനോട് രോഹിത് ശര്‍മയ്ക്ക് അല്‍പ്പം പ്രിയം കൂടുതലുമാണ്. ഇതെല്ലാം ഋതുരാജിന് തിരിച്ചടിയാകുന്ന ഘടകങ്ങളാണ്.