രേണുക വേണു|
Last Modified വെള്ളി, 25 ഫെബ്രുവരി 2022 (12:20 IST)
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ 89 റണ്‍സോടെ ഇന്ത്യയുടെ ടോപ് സ്‌കോററായ ഇഷാന്‍ കിഷന്‍ തന്റെ ഇന്നിങ്‌സിനെ കുറിച്ച് മനസ് തുറക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ താന്‍ ഒരുപാട് പഠിച്ചെന്ന് ഇഷാന്‍ കിഷന്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പാണ് തന്റെ ലക്ഷ്യമെന്നും ഇഷാന്‍ വ്യക്തമാക്കി.
' വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരങ്ങളില്‍ എനിക്ക് വേണ്ടത്ര ലക്ഷ്യബോധമില്ലായിരുന്നു. ഞാന്‍ പോസിറ്റീവ് ആറ്റിറ്റിയൂഡില്‍ അല്ല കളിച്ചത്. ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ ലളിതമാക്കി ലക്ഷ്യബോധത്തോടെ കളിക്കാനാണ് ഞാന്‍ ശ്രമിച്ചത്. പന്ത് നോക്കി കളിക്കുക എന്നതായിരുന്നു ഗെയിം പ്ലാന്‍. പുള്‍ ഷോട്ടാണ് എന്റെ ഇഷ്ടപ്പെട്ട ഷോട്ടുകളിലൊന്ന്. അത് കളിക്കാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന ബാറ്റിങ് യൂണിറ്റിന് ഇത് കരുത്ത് പകരുന്നതാണ്,' ഇഷാന്‍ കിഷന്‍ പറഞ്ഞു.