അഭിറാം മനോഹർ|
Last Modified ബുധന്‍, 10 ജൂലൈ 2024 (18:42 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റ വാര്‍ത്ത അങ്ങേയറ്റം സന്തോഷത്തോടെയും അതേസമയം സംശയത്തോടെയുമാണ് ആരാധകര്‍ നോക്കി കാണുന്നത്. കളിക്കാരനെന്ന നിലയില്‍ അവസാന ശ്വാസം വരെയും പോരാടുന്ന പോരാളിയുടെ മനോഭാവമാണ് ഗംഭീറിനുണ്ടായിരുന്നത്. കോച്ചെന്ന നിലയിലും ഇതില്‍ നിന്നും ഒരു മാറ്റവും ഗംഭീറിനുണ്ടായിട്ടില്ല. കളിക്കളത്തില്‍ 100 ശതമാനം നല്‍കാന്‍ തയ്യാറുള്ളവര്‍ മാത്രം ടീമില്‍ മതി എന്ന ഗംഭീര്‍ രീതി ഇന്ത്യന്‍ ക്രിക്കറ്റിനെ എങ്ങനെ മാറ്റി മറിയ്ക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.
വിപണിയും താരാരാധനയും കെട്ടുപിണഞ്ഞുകിടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിനെ നന്നാക്കിയെടുക്കുക എന്ന പ്രയാസപ്പെട്ട ടാസ്‌ക്കാണ് ഗംഭീറിന് മുന്നിലുള്ളത്. അച്ചടക്കം പഠിപ്പിക്കുന്ന മാനേജര്‍ ശൈലി യുവതാരങ്ങള്‍ക്കെതിരെ ഫലപ്രദമാകുമെങ്കിലും സീനിയര്‍ താരങ്ങള്‍ ഇതിനെ എങ്ങനെയാകും നോക്കികാണുക എന്നതാണ് ആരാധകര്‍ക്ക് ആകാംക്ഷയുള്ള കാര്യം. ഗംഭീറിന്റെ വല്ല്യേട്ടന്‍ മനോഭാവം സീനിയര്‍ താരങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുകയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിചിടത്തോളം സംഭവബഹുലമായ ദിവസങ്ങളാകും ഇനി സംഭവിക്കുക.
അതേസമയം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റ് ലീഗുകളിലും തിളങ്ങുന്ന താരങ്ങള്‍ക്ക് ഗംഭീര്‍ ഇന്ത്യന്‍ ടീമിലും പിന്തുണ നല്‍കുമെന്ന് ഉറപ്പാണ്. ഏറെക്കാലമായി മോശം പ്രകടനം തുടരുന്നവര്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കണമെങ്കില്‍ അതിനെ സാധൂകരിക്കുന്ന പ്രകടനങ്ങളും ഇനി നടത്തേണ്ടതായി വരും. ഇതെല്ലാം കൂടാതെ ഗംഭീര്‍ കോച്ചായിരിക്കുന്ന 2027ലെ ഏകദിന ലോകകപ്പില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി,രോഹിത് ശര്‍മ എന്നിവര്‍ ഉണ്ടാകുമോ എന്നതും കാത്തിരുന്ന് കാണേണ്ട കാര്യങ്ങളാണ്.