അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 മാര്‍ച്ച് 2025 (13:13 IST)
ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് താരമായ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഹര്‍ഭജന്‍ സിംഗ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ 286 റണ്‍സ് അടിച്ചെടുത്തിരുന്നു. നാലോവറുകള്‍ പന്തെറിഞ്ഞ ആര്‍ച്ചര്‍ 76 റണ്‍സാണ് മത്സരത്തില്‍ വിട്ടുകൊടുത്തത്. ആര്‍ച്ചറുടെ ബൗളിംഗ് സ്‌പെല്ലിനെ പറ്റി സംസാരിക്കവെയാണ് ഹര്‍ഭജന്റെ അധിക്ഷേപ പരാമര്‍ശം.
ലണ്ടന്‍ മേ കാലി ടാക്‌സ് കാ മീറ്റര്‍ തേസ് ഭാഗ്താ ഹേ, ഔറ്റ് യഹ പേ ആര്‍ച്ചര്‍ സാഹബ് കാ മീറ്റര്‍ ഭി തേസ് ഭാഗാ ഹേ ( ലണ്ടനില്‍ കറുത്ത ടാക്‌സിയുടെ മീറ്റര്‍ വേഗത്തിലോടുന്നു, ഇവിടെ ആര്‍ച്ചറുടെ മീറ്ററും) എന്നായിരുന്നു കമന്ററിക്കിടെ ഹര്‍ഭജന്റെ പരാമര്‍ശം. ഇതാണ് ഇപ്പോള്‍ വിവാദമായി മാറിയിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ ഹര്‍ഭജന്‍ സിംഗ് മാപ്പ് പറയണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിരിക്കുകയാണ്. ഹര്‍ഭജനെ കമന്ററി പാനലില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.