അന്ന് ധോനി, ഇന്ന് സഞ്ജു.. ഒന്ന് ഡൈവ് ചെയ്തിരുന്നെങ്കിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 4 ഓഗസ്റ്റ് 2023 (14:14 IST)
വെസ്റ്റിന്‍ഡീസുമായുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 150 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ 4 റണ്‍സ് അകലെ മത്സരം കൈവിടുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ തിലക് വര്‍മ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് മുന്നേറിയപ്പോള്‍ മറ്റ് താരങ്ങളെല്ലാം അമിതമായി പ്രതിരോധത്തിലേക്ക് ഇറങ്ങിയത് ഇന്ത്യന്‍ ഇന്നിങ്ങ്‌സിനെ ബാധിക്കുകയായിരുന്നു. അതേസമയം തിലക് വര്‍മ 22 പന്തില്‍ നിന്നും 39 റണ്‍സുമായി തിളങ്ങി.

പതിനഞ്ചാം ഓവര്‍ വരെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും അവസാന അഞ്ച് ഓവറുകളില്‍ അഞ്ച് വിക്കറ്റാണ് ഇന്ത്യ കൈവിട്ടത്. മത്സരത്തിലെ പതിനാറാം ഓവറില്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗള്‍ഡായതിന് മൂന്ന് പന്തുകള്‍ക്ക് പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ റണ്ണൗട്ടായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. സ്ട്രൈക്ക് നേരിട്ട് അനാവശ്യമായ സിംഗിളിന് ഓടാന്‍ പ്രേരിപ്പിച്ച അക്‌സര്‍ പട്ടേലാണ് വിക്കറ്റ് നഷ്ടമാവാന്‍ കാരണമായത്.

അതേസമയം തന്റെ വിക്കറ്റ് സംരക്ഷിക്കാനായുള്ള ആത്മാര്‍ഥമായ സഞ്ജു നടത്തിയില്ലെന്ന വിമര്‍ശനം ശക്തമാണ്. ഒരു ഡൈവ് അകലെയാണ് സഞ്ജുവിന് വിക്കറ്റ് നഷ്ടമായത്. സഞ്ജു ഔട്ടായതോടെ പലരും 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ധോനിയുടെ റണ്ണൗട്ടുമായാണ് സഞ്ജുവിന്റെ വിക്കറ്റിന് താരതമ്യം ചെയുന്നത്. 2 വിക്കറ്റും ചേസിംഗിനിടെ സംഭവിച്ചതാണെന്നതും വിക്കറ്റ് നഷ്ടമായിരുന്നില്ലെങ്കില്‍ ടീം വിജയിക്കുമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. കൈല്‍ മെയേഴ്‌സിന്റെ നേരിട്ടുള്ള തോ വിക്കറ്റില്‍ പതിക്കുമ്പോള്‍ സഞ്ജു വിക്കറ്റിനരികെ എത്തിയിരുന്നു. ഒന്ന് ഡൈവ് ചെയ്തിരുന്നുവെങ്കില്‍ വിക്കറ്റ് സംരക്ഷിക്കാന്‍ സഞ്ജുവിനാകുകയും ഇന്ത്യയ്ക്ക് മത്സരത്തില്‍ വിജയം സ്വന്തമാക്കാന്‍ സാധിക്കുകയും ചെയ്‌തേനെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :