ജയിച്ചു എന്നതെല്ലാം ശരിയാണ്, പക്ഷേ ഇന്ത്യൻ ബാറ്റർമാർ കാണിച്ചത് വെറും അഹങ്കാരം, ടീമിനെ തോൽവിയ്ക്കടുത്തെത്തിച്ചെന്ന് ഗവാസ്കർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (13:21 IST)
ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ ത്രില്ലര്‍ പോരാട്ടത്തില്‍ തോല്‍പ്പിക്കാനായെങ്കിലും ഇന്ത്യന്‍ ടീമിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസതാരവുമായ സുനില്‍ ഗവാസ്‌കര്‍. മത്സരത്തിലെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ സമീപനമാണ് ഗവാസ്‌കറിനെ ചൊടുപ്പിച്ചത്. ഇന്ത്യന്‍ ബാറ്റര്‍മാരുടെ അഹങ്കാരമാണ് പാകിസ്ഥാന് മത്സരത്തില്‍ മേല്‍ക്കൈ നേടികൊടുത്തതെന്ന് ഗവാസ്‌കര്‍ പറയുന്നു.

ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ അഹങ്കാരമാണ് ഇന്ന് കണ്ടത്. അയര്‍ലന്‍ഡ് ബൗളര്‍മാരെ നേരിടൂന്നത് പോലെയാണ് അവര്‍ പാകിസ്ഥാനെ കണ്ടത്. അയര്‍ലന്‍ഡിനോടുള്ള ബഹുമാനക്കുറവ് കൊണ്ടല്ല പറയുന്നത്. പക്ഷേ പാകിസ്ഥാനെ പോലെ ശക്തമായ ബൗളിംഗ് നിരയുള്ള ഒരു ടീമിനെ നേരുടൂമ്പോള്‍ അല്പം കൂടി ബഹുമാനം കാണിക്കേണ്ടതുണ്ട്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചാണെങ്കിലും 150 റണ്‍സ് വരുന്ന മത്സരമായിരുന്നു. ഇന്ത്യയ്ക്ക് അത് സാധിക്കേണ്ടതായിരുന്നു. ഗവാസ്‌കര്‍ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 11 ഓവറില്‍ 89 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള 9 ഓവറുകളില്‍ വെറും 30 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്‌കോര്‍ ചെയ്തത്.
സൂര്യകുമാര്‍ യാദവിന് പുറമെ ശിവം ദുബെയും റിഷഭ് പന്തും മടങ്ങിയതോടെയാണ് ഇന്ത്യ ചീട്ട്‌കൊട്ടാരം പോലെ തകര്‍ന്ന് വീണത്. അവസാന ഓവറുകളില്‍ മൊഹമ്മദ് സിറാജും അര്‍ഷദീപും നേടിയ 16 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 119ലെത്താന്‍ സഹായിച്ചത്.
വാലറ്റത്ത് ഈ റണ്‍സ് വന്നില്ലായിരുന്നെങ്കില്‍ മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് വിജയിച്ചെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഉത്തരവാദിത്വമില്ലായ്മക്കെതിരെ ഗവാസ്‌കര്‍ രംഗത്ത് വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :