അഭിറാം മനോഹർ|
Last Modified വ്യാഴം, 10 ഡിസംബര്‍ 2020 (10:57 IST)
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര വിജയിക്കാൻ സാധിച്ചുവെങ്കിലും പരമ്പരയിലുടനീളം ദയനീയമായ ഫീൽഡിങ്ങാണ് ഇന്ത്യൻ ടീം കാഴ്ച്ചവെച്ചത്. മത്സരത്തിൽ സിമ്പിൾ ക്യാച്ചുകൾ പോലും ടീമിലെ മികച്ച ഫീൽഡർമാർ നഷ്ടപ്പെടുത്തിയിരുന്നു. ഇപ്പോളിതാ ഇന്ത്യൻ ടീമിന്റെ ദയനീയമായ ഫീൽഡിങ് പ്രകടനത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ്.
ഫീൽഡിങ്ങിൽ ഇന്ത്യ വരുത്തുന്ന ഇത്തരം പിഴവുകൾക്ക് വരാനിരിക്കുന്ന ടി20 ലോകകപ്പിൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് കൈഫ് പറയുന്നത്. ഒരുപാട് ഫീൽഡിങ് പിഴവുകൾ ഒരിക്കലും കളിയുടെ ഭാഗമല്ല. ഇങ്ങനെയാണ് ടീം തുടരുന്നതെങ്കിലും വലിയ മത്സരങ്ങളിൽ ഇന്ത്യ തോൽക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും കൈഫ് പറഞ്ഞു.
ഓസീസിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന രവീന്ദ്ര ജഡേജ,വിരാട് കോലി,ഹാർദ്ദിക് പാണ്ഡ്യ എന്നിവർ പോലും ക്യാച്ചുകൾ നഷ്ടപ്പെടുത്തിയിരുന്നു.