വെസ്റ്റിൻഡീസുമായുള്ള ഏകദിന പരമ്പര ഇന്ന് മുതൽ, സഞ്ജുവിനെ പോലെ സൂര്യയ്ക്കും പരമ്പര നിർണായകം

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ജൂലൈ 2023 (14:59 IST)
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനപരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ്ങ് ഇലവന്‍ എങ്ങനെയായിരിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്‌മെന്റ്. രണ്ട് സ്പിന്നര്‍മാരുമായി കളിപ്പിക്കണമോ മൂന്ന് പേസര്‍മാര്‍ വേണോ എന്ന ആശയക്കുഴപ്പത്തിനിടെ സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.

മൂന്ന് പേസര്‍മാരുമായാണ് ടീം മുന്നോട്ട് പോകുന്നതെങ്കില്‍ ഷാര്‍ദ്ദൂല്‍ താക്കൂറിന് അന്തിമ ഇലവനില്‍ ഇടം കിട്ടിയേക്കും. അതേസമയം ടോപ് ഓര്‍ഡറില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകില്ല. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്ലാകും ഓപ്പണിങ്ങില്‍ ഇറങ്ങുക. വിരാട് കോലിയ്ക്ക് ശേഷം സഞ്ജു സാംസണോ സൂര്യകുമാര്‍ യാദവോ നാലാം സ്ഥാനത്തെത്തും. പരിക്ക് മാറി ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയാല്‍ ഏകദിനത്തിലെ നാലാം നമ്പര്‍ സ്ഥാനം നഷ്ടമാകുമെന്നിരിക്കെ വിന്‍ഡീസ് പര്യടനത്തിലും നിരാശപ്പെടുത്തിയാല്‍ ലോകകപ്പ് ടീമിലെ സൂര്യയുടെ സ്ഥാനം തുലാസിലാകും.

മലയാളി താരം സഞ്ജുവിനാണ് അവസരം നല്‍കുന്നതെങ്കില്‍ ഇഷാന്‍ കിഷന് ടീം വിശ്രമം അനുവദിച്ചേക്കും. അതിനാല്‍ തന്നെ സൂര്യയെ പോലെ സഞ്ജുവിനും ഈ പരമ്പര ലോകകപ്പ് ടീമില്‍ സ്ഥാനം പിടിക്കുന്നതില്‍ നിര്‍ണായകമാകും. അഞ്ചാം സ്ഥാനത്ത് ഹാര്‍ദ്ദിക്കും ആറാം സ്ഥാനത്ത് ജഡേജയുമാകും ബാറ്റിംഗിനിറങ്ങുക. മുഹമ്മദ് സിറാജ് നയിക്കുന്ന പേസ് നിരയില്‍ മുകേഷ് കുമാറിനോ ഉമ്രാന്‍ മാലിക്കിനോ അവസരം ലഭിച്ചേക്കും. സ്പിന്നര്‍മാരില്‍ യൂസ്വേന്ദ്ര ചാഹല്‍, അല്ലെങ്കില്‍ കുല്‍ദീപ് യാദവ് ഇവരില്‍ ഒരാള്‍ക്കായിരിക്കും അവസരം ലഭിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :