ബാറ്റ് കൊണ്ടും ബുദ്ധികൊണ്ടും കോഹ്‌ലി ‘കളിച്ചു’; ആയുധമില്ലാതെ പ്രോട്ടീസ് പട!

മൊഹാലി| ജിബിന്‍ ജോര്‍ജ്| Last Updated: വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (17:14 IST)
മൊഹാലിയില്‍ വീണ്ടും കോഹ്‌ലി കത്തിക്കയറി, ഫലമോ ഇന്ത്യയുടെ മികച്ച വിജയം. മികച്ച രീതിയില്‍
സ്ഥിരതയോടെ എങ്ങനെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നു എന്ന ചോദ്യവും പിന്നാലെ ഉണ്ടായി. രാജ്യത്തിന് വേണ്ടി കളിക്കുന്നു എന്ന വികാരമാണ് സ്ഥിരതയ്‌ക്ക് പിന്നിലെ രഹസ്യമെന്ന് ക്യാപ്‌റ്റന്‍ മറുപടി നല്‍കുകയും ചെയ്‌തു.

ഉത്തരം പോലെ വളരെ ശരിയാണ് വിരാടിന്റെ പ്രകടവും. രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് വിജയം നേടിക്കൊടുക്കാന്‍ ബാറ്റ് കൊണ്ടും ബുദ്ധികൊണ്ടും കോഹ്‌ലി ‘കളിച്ചു’. റണ്ണൊഴുകുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടെന്ന തീരുമാനം കയ്യടി അര്‍ഹിക്കുന്നുണ്ട്. എതിരാളികള്‍ എത്ര സ്‌കോര്‍ ചെയ്‌താലും തനിക്കും സംഘത്തിനും ചെയ്‌സ് ചെയ്യാന്‍ കഴിയുമെന്ന ഉറപ്പ് ആ മനസിലുണ്ടായിരുന്നു. അതാണ്, സംഭവിച്ചതും.

മുന്നിൽനിന്നു നയിക്കുന്ന ക്യാപ്റ്റനെയാണ് ആരാധകര്‍ കണ്ടത്. ഉയർത്തിയ 150 റൺസ് പിന്തുടരുമ്പോള്‍ തുടക്കത്തില്‍ തന്നെ രോഹിത്തിന്റെ വിക്കറ്റ് വീണു. സ്‌കോര്‍ ബോർഡിൽ 33 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍. പിന്നാലെ ക്രീസിലെത്തിയ വിരാടിന് കളി നിയന്ത്രണത്തിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല.

സിംഗളുകളെ ആശ്രയിക്കുമ്പോള്‍ പോലും ആവശ്യമായ ഘട്ടങ്ങളില്‍ മാത്രം ബൌണ്ടറികള്‍ നേടി. സമ്മര്‍ദ്ദങ്ങളില്‍ വീഴാതെയുള്ള മനോഹരമായ ഇന്നിംഗ്‌സ്. രണ്ടാം വിക്കറ്റിൽ ശിഖർ ധവാനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുമ്പോഴും ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്ക് ഒരു ഘട്ടത്തില്‍ പോലും വിരാടിനെ പിടിച്ചു കെട്ടാനായില്ല.

40 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം അര്‍ധസെഞ്ചുറി നേടുമ്പോള്‍ തന്നെ കോഹ്‌ലി വിജയം ഉറപ്പിച്ചിരുന്നു. ധവാന്‍ പുറത്തായതിന് പിന്നാലെ എത്തിയ ഋഷഭ് പന്തിന്റെ വീഴ്‌ച മാത്രമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തിയത്.

എന്നാല്‍, നിര്‍ണായക നിമിഷങ്ങളില്‍ പിന്തുണ നല്‍കുന്ന ശ്രേയസ് അയ്യരുടെ പക്വത ഒരിക്കല്‍ കൂടി കോഹ്‌ലി തിരിച്ചറിഞ്ഞു. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 47 റൺസിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. ഇതായിരുന്നു ഇന്ത്യന്‍ വിജയത്തിന്റെ ആണിക്കല്ലും. റണ്‍സ് പിന്തുടര്‍ന്ന് വിജയിപ്പിക്കുന്നതില്‍ തനിക്കുള്ള പാഠവം ഒര്‍ക്കല്‍ കൂടി തെളിയിക്കുകയായിരുന്നു കോഹ്‌ലി. 52 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 72 റണ്‍സാണ് അദ്ദേഹം നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :