അഭിറാം മനോഹർ|
Last Modified ചൊവ്വ, 26 ഡിസംബര്‍ 2023 (15:24 IST)
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബോക്‌സിങ്ങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. മത്സരത്തില്‍ ടോസ് നേടിയ സൗത്താഫ്രിക്ക ബൗളിംഗ് തിരെഞ്ഞെടുക്കുകയായിരുന്നു. ചേതേശ്വര്‍ പുജാര,അജിങ്ക്യ രഹാനെ തുടങ്ങി സീനിയര്‍ താരങ്ങളില്ലാതെ യുവതാരനിരയുമായാണ് ഇന്ത്യ ഇക്കുറി കളിക്കുന്നത്. മത്സരത്തില്‍ ഓപ്പണറായെത്തിയ യശ്വസി ജയ്‌സ്വാള്‍, നായകന്‍ രോഹിത് ശര്‍മ,ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ബാറ്റിംഗ് ദുഷ്‌കരമായ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റില്‍ വെറും 5 റണ്‍സിനാണ് രോഹിത് പുറത്തായത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു അര്‍ധസെഞ്ചുറി പോലുമില്ലാത്ത രോഹിത് പരാജയങ്ങളുടെ അക്കൗണ്ടിലേക്ക് മറ്റൊരു കണക്ക് കൂടി എഴുതിചേര്‍ക്കുകയായിരുന്നു. അതേസമയം മറ്റൊരു ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍ 17 റണ്‍സിനും ശുഭ്മാന്‍ ഗില്‍ 2 റണ്‍സിനുമാണ് പുറത്തായത്. കഗിസോ റബാഡ ഒരു വിക്കറ്റും യുവതാരമായ നാന്ദ്രെ ബര്‍ഗര്‍ 2 വിക്കറ്റും സ്വന്തമാക്കി.11 റണ്‍സുമായി വിരാട് കോലിയും 9 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.