രേണുക വേണു|
Last Updated:
തിങ്കള്‍, 1 നവംബര്‍ 2021 (11:57 IST)
പാക്കിസ്ഥാനെതിരായ കളിയില്‍ തോറ്റതിനു മാധ്യമങ്ങള്‍ ഇന്ത്യയെ അമിതമായി വിമര്‍ശിച്ചെന്ന് പാക് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. അമിത വിമര്‍ശനങ്ങളുടെ ഫലമാണ് ഇന്നലെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ കണ്ടതെന്നും ഇന്‍സമാം പറഞ്ഞു. ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം മോശമായിരുന്നു എന്നും ടോപ്പ് ഓര്‍ഡര്‍ ബാറ്റിങ് ലൈനപ്പില്‍ പരീക്ഷണം നടത്തിയത് ഞെട്ടിച്ചെന്നും ഇന്‍സമാം പറഞ്ഞു.
'ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനു ശേഷം മാധ്യമങ്ങള്‍ ഉണ്ടാക്കിയ സമ്മര്‍ദത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ടീം ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ജയവും തോല്‍വിയും ഒരു കളിയുടെ ഭാഗമാണ്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ 12 തവണ ജയിച്ചിട്ടുണ്ട്. എല്ലാ കാലവും അത് തന്നെ സംഭവിക്കുമെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? ഇന്ത്യ അമിതമായി വിമര്‍ശനങ്ങള്‍ കേട്ടു. അതിന്റെ ഫലമാണ് ഇന്നലെ കണ്ടത്,' ഇന്‍സമാം പറഞ്ഞു.