അഭിറാം മനോഹർ|
Last Modified വ്യാഴം, 2 ഡിസംബര്‍ 2021 (21:11 IST)
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ തുടങ്ങുമ്പോൾ ഒരുപിടി റെക്കോഡുകൾക്ക് മുന്നിലാണ് ഇന്ത്യൻ ഓഫ്സ്പിന്നർ രവിചന്ദ്ര അശ്വിൻ. നാല് ചരിത്രനേട്ടങ്ങളാണ് മത്സരത്തിൽ അശ്വിനെ കാത്തിരിക്കുന്നത്. നേരത്തെ കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റിനിടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ വെറ്ററന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ മറികടന്ന്
അശ്വിൻ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
മുംബൈയില്‍ ആറ് വിക്കറ്റ് കൂടി നേടിയാല്‍ ടെസ്റ്റില്‍ നാലാം തവണ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അശ്വിന് 50 വിക്കറ്റുകള്‍ തികയ്‌ക്കാം. ഇതോടെ മൂന്ന് വർഷങ്ങളിൽ 50 വിക്കറ്റ് വീതം നേടിയ
അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരെ അശ്വിന് മറികടക്കാം. 2015ല്‍ 62 ഉം 2016ല്‍ 72 ഉം 2017ല്‍ 56 ഉം വിക്കറ്റ് അശ്വിന്‍ വീഴ്‌ത്തിയിരുന്നു.
എട്ട് വിക്കറ്റുകളാണ് നേടാൻ സാധികുന്നതെങ്കിൽ ഇന്ത്യയിൽ മാത്രം 300 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടവും അശ്വിന് സ്വന്തമാവും. 350 വിക്കറ്റുകളുമായി കുംബ്ലെയാണ് പട്ടികയിൽ മുന്നിലുള്ളത്. അതേസമയം എട്ട് വിക്കറ്റ് കൂടി ലഭിച്ചാല്‍ ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടങ്ങളുടെ ചരിത്രത്തില്‍ 14 ടെസ്റ്റുകളില്‍ 65 വിക്കറ്റ് സ്വന്തമാക്കിയ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ റെക്കോര്‍ഡ് അശ്വിന് ഭേദിക്കാനാകും.
ഇനി ഒരു വിക്കറ്റ് മാത്രമാണ് നേടുന്നതെങ്കിൽ കൂടി ടെസ്റ്റിൽ ഒരു വേദിയില്‍ കൂടുതല്‍ വിക്കറ്റ് നേടിയതില്‍ തന്‍റെ വ്യക്തിഗത റെക്കോര്‍ഡും അശ്വിന് തകര്‍ക്കാം. മുംബൈയിലും ചെന്നൈയിലും നാല് ടെസ്റ്റുകളിൽ നിന്നായി 30 വിക്കറ്റ് അശ്വിൻ തന്റെ പേരിലാക്കിയിട്ടിണ്ട്.
ടെസ്റ്റിൽ കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ഇതിഹാസ താരങ്ങളായ അനില്‍ കുംബ്ലെയും കപില്‍ ദേവും മാത്രമേ അശ്വിന് മുന്നിലുള്ളത്. 132 ടെസ്റ്റുകളില്‍ 619 വിക്കറ്റാണ് കുബ്ലെയ്‌ക്കുള്ളതെങ്കില്‍ 131 കളികളില്‍ 434 വിക്കറ്റാണ് കപിലിന്‍റെ സമ്പാദ്യം. 80 ടെസ്റ്റുകളിൽ നിന്ന് 419 വിക്കറ്റുകളാണ് അശ്വിനുള്ളത്.