'ഇന്ത്യയുടെ ബൗളിങ് നിര അപാരം, ലോകോത്തരം'; ന്യൂസിലന്‍ഡിന് പേടി !

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (13:09 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ നേരിടാന്‍ സുസജ്ജമായിരിക്കുകയാണ് ന്യൂസിലന്‍ഡ്. വാശിയേറിയ പോരാട്ടത്തിനു ജൂണ്‍ 18 നു തുടക്കം കുറിക്കും. ഇന്ത്യയെ നേരിടാന്‍ തയ്യാറെടുക്കുന്ന ന്യൂസിലന്‍ഡ് ഏറ്റവും കൂടുതല്‍ പേടിക്കുന്നത് എന്തിനെയായിരിക്കും? ഇന്ത്യയുടെ ബൗളിങ് നിരയെ തന്നെ. അതിന്റെ സൂചനകള്‍ നല്‍കുന്നതാണ് കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ പ്രസ്താവന.

ഇന്ത്യയുടെ ബൗളിങ് നിര മികച്ചതാണെന്നും അപാര പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിവുള്ളവരാണെന്നും വില്യംസണ്‍ പറഞ്ഞു. ദൃഢതയാര്‍ന്ന ബൗളിങ് ലൈനപ്പാണ് ഇന്ത്യയ്ക്കുള്ളത്. ബൗളിങ് നിരയുടെ ആഴം വിവരിക്കാന്‍ സാധിക്കില്ല. മികച്ച ആക്രമണ യൂണിറ്റ് തന്നെ അവര്‍ക്കുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ അപാരശേഷി നമ്മള്‍ കണ്ടതാണ്. പേസും സ്പിന്നും ഒരുപോലെ മികവ് പുലര്‍ത്തുന്നുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലോകോത്തരം എന്നേ ഇന്ത്യയുടെ ബൗളിങ് നിരയെ വിശേഷിപ്പിക്കാന്‍ കഴിയൂ എന്നും വില്യംസണ്‍ പറഞ്ഞു.


അതേസമയം, അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇറങ്ങുക. മൂന്ന് പേസ് ബൗളര്‍മാരും, രണ്ട് സ്പിന്നര്‍മാരും. ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവരായിരിക്കും പേസ് ആക്രമണത്തിനു ചുക്കാന്‍പിടിക്കുക. രവീന്ദ്ര ജഡേജയും ആര്‍.അശ്വിനും സ്പിന്നര്‍മാരായി ടീമില്‍ ഇടം നേടും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :