അപര്‍ണ|
Last Modified വെള്ളി, 9 മാര്‍ച്ച് 2018 (08:39 IST)
ത്രിരാഷ്ട്ര പരമ്പരയില്‍ ബംഗ്ലദേശിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ രണ്ടാം മൽസരത്തിൽ ബംഗ്ലാദേശിനെതിരെ ആറു വിക്കറ്റിനാണ് ഇന്ത്യയ്ക്ക് ജയം. ബംഗ്ലദേശ് ഉയർത്തിയ 140 റൺസ് ലക്ഷ്യം വെച്ച് കളത്തിലിറങ്ങിയ
ഇന്ത്യ എട്ടു പന്തും ആറു വിക്കറ്റും ബാക്കിനിൽക്കെ ബംഗ്ലാദേശ് ഉയര്‍ത്തിയ റണ്‍മല ഇന്ത്യ മറികടന്നു.
പരമ്പരയിലെ തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യൻ ഇന്നിങ്സിലെ ഹീറോ. ഓപ്പണർ ധവാന്റെ ബാറ്റ് വീണ്ടും തീ തുപ്പിയതോടെ ഇന്ത്യ ജയത്തിനരികെയെത്തി. 43 പന്തുകൾ നേരിട്ട ധവാൻ അഞ്ച് ബൗണ്ടറിയും രണ്ടു സിക്സും സഹിതം 55 റൺസെടുത്തു.
28 റൺസെടുത്ത സുരേഷ് റെയ്ന, 27 റൺസുമായി പുറത്താകാതെ നിന്ന മനീഷ് പാണ്ഡെ എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ മൽസരത്തിൽ ഇന്ത്യ ശ്രീലങ്കയോടു തോറ്റിരുന്നു. ആദ്യ മത്സരത്തിലെ പാകപ്പിഴയും ഭാഗ്യമില്ലായ്മയും ഇത്തവണത്തെ മത്സരത്തില്‍ ഇന്ത്യ മറികടന്നു.