ഫോം നിലനിർത്തുമോ? ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ടി20 മത്സരം ഇന്ന്, സഞ്ജുവിന് നിർണായകം

Sanju Samson
അഭിറാം മനോഹർ| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2024 (12:13 IST)
Sanju Samson
ഇന്ത്യ- ബംഗ്ലാദേശ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ദില്ലി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് ഏഴിനാണ് മത്സരം. റണ്‍സൊഴുകുന്ന ദില്ലി പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ത്താടുമെന്നാണ് ആരാധകപ്രതീക്ഷ. ദില്ലിയില്‍ നടന്ന അവസാന 10 ടി20 മത്സരങ്ങളില്‍ എട്ടിലും സ്‌കോര്‍ ബോര്‍ഡ് 200 കടന്നിരുന്നു. അതിനാല്‍ തന്നെ മലയാളി താരം സഞ്ജു സാംസണിന് സുവര്‍ണാവസരമാകും ഇന്ന് ഒരുങ്ങുക. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗിലാണ് സഞ്ജു ഇന്ത്യയ്ക്കായി ഇറങ്ങുക.


ഗ്വോളിയോറില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും സഞ്ജു അവസരം മുതലെടുത്തില്ലെന്ന് വിമര്‍ശനം ഏറെയാണ്. ഈ സാഹചര്യത്തില്‍ ഇന്നത്തെ മത്സരത്തില്‍ സഞ്ജുവിന് മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. നായകന്‍ സൂര്യകുമാര്‍ യാദവ് മൂന്നാമതായെത്തുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും റിയാന്‍ പരാഗും റിങ്കു സിംഗും മധ്യനിരയിലെത്തും. ഇവര്‍ക്കൊപ്പം വാഷിങ്ങ്ടണ്‍ സുന്ദര്‍ കൂടി ചേരുന്നതോടെ ഇന്ത്യന്‍ ബാറ്റിംഗ് നിര ശക്തമാണ്.


അതേസമയം ടി20യില്‍ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളിയാകില്ല. ബംഗ്ലാ നായകന്‍ നജ്മുള്‍ ഷാന്റോയുടെ വാക്കുകള്‍ തന്നെ ഇതിന് തെളിവാണ്. ടി20യില്‍ എങ്ങനെ സുരക്ഷിതമായ സ്‌കോറിലെത്താമെന്ന് തന്റെ ബാറ്റര്‍മാര്‍ക്ക് അറിയില്ലെന്നാണ് ഷാന്റോ തുറന്ന് പറഞ്ഞത്. ഇതുവരെ 15 ടി20 മത്സരങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമാണ് ബംഗ്ലാദേശിന് വിജയിക്കാനായിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :