തകർന്നടിഞ്ഞ് ബംഗ്ലാദേശ്; എറിഞ്ഞ് വീഴ്ത്തി ഇന്ത്യ

നീലിമ ലക്ഷ്മി മോഹൻ| Last Modified ശനി, 16 നവം‌ബര്‍ 2019 (12:41 IST)
ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ കൂറ്റന്‍ ജയത്തിലേക്ക്. ഇന്നിങ്സ് തോൽ‌വി ഒഴിവാക്കാൻ പെടാപ്പാട് പെടുകയാണ് ബംഗ്ലാദേശ്. ഒന്നാം ഇന്നിംഗ്‌സില്‍ 343 റണ്‍സിന്റെ ലീഡ് വഴങ്ങിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 80 റണ്‍സെടുക്കുമ്പോഴേക്കും ബംഗ്ലാദേശിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിയ ഇഷാന്ത് ശര്‍മ്മയും ഉമേശ് യാദവുമാണ് ബംഗ്ലാദേശിന്റെ നട്ടെല്ല് തകര്‍ത്തത്.

ഷദ്മാന്‍ ഇസ്ലാം (6) ഇമ്രുല്‍ കൈസ് (6) മുഹ്മിനുല്‍ ഹഖ് (7) മുഹമ്മദ് മിഥുന്‍ (18) എന്നിങ്ങനെയാണ് പുറത്തായ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന. അഞ്ച് വിക്കറ്റ് മാത്രം അവശേഷിക്കെ ബംഗ്ലാദേശിന് ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇനിയും 258 റണ്‍സ് കൂടി വേണം.

മൂന്നാം ദിവസം ഇന്ത്യ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല. രണ്ടാം ഇന്നിംഗ്‌സ് സ്‌കോറായ ആറിന് 493 എന്ന നിലയില്‍ തന്നെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

330 പന്തില്‍ 28 ഫോറും എട്ട് സിക്സും സഹിതം 243 റണ്‍സാണ് മായങ്ക് അടിച്ചെടുത്തത്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ടെസ്റ്റ് പരമ്പരയില്‍ മായങ്ക് ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. കരിയറില്‍ എട്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന മായങ്കിന്റെ മൂന്നാം സെഞ്ച്വറിയാണ് ഇന്ന് പിറന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :