രേണുക വേണു|
Last Modified ചൊവ്വ, 6 ജൂണ്‍ 2023 (21:01 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നാളെ മുതല്‍. ഇന്ത്യക്ക് കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികള്‍. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായി ഇറങ്ങാനാണ് ഇന്ത്യ ആലോചിക്കുന്നത്. പേസിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ രണ്ട് സ്പിന്നര്‍മാരെ ഉപയോഗിക്കുന്നത് മണ്ടത്തരമാണെന്ന് പൊതുവെ വിമര്‍ശനമുണ്ട്. എന്നാല്‍ ബാറ്റിങ് കരുത്ത് കൂട്ടാന്‍ വേണ്ടിയാണ് രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ആലോചിക്കുന്നത്. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് പ്ലേയിങ് ഇലവനില്‍ സ്പിന്നര്‍മാരായി ഇടം പിടിക്കുക. ഇരുവരും മോശമല്ലാത്ത രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ളവര്‍ കൂടിയാണ്. ഇടംകൈയന്‍ ബാറ്റര്‍ ആണെന്നത് ജഡേജയ്ക്ക് കൂടുതല്‍ അനുകൂലമായി.
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് പേസ് നിരയില്‍ ഉറപ്പായും സ്ഥാനം പിടിച്ച രണ്ട് പേര്‍. ഇതിലേക്ക് ശര്‍ദുല്‍ താക്കൂറോ ഉമേഷ് യാദവോ കൂടി എത്തും. ബാറ്റിങ് കൂടി പരിഗണിച്ചാല്‍ ശര്‍ദുല്‍ താക്കൂറിനാണ് കൂടുതല്‍ സാധ്യത. അങ്ങനെ വന്നാല്‍ ഉമേഷ് യാദവ് പുറത്തിരിക്കേണ്ടിവരും. മത്സരത്തില്‍ ടോസ് അതീവ നിര്‍ണായകമാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് കൂടുതല്‍ വിജയസാധ്യത. ഓരോ ദിവസം കഴിയും തോറും ഓവലിലെ പിച്ച് ബാറ്റിങ്ങിന് കൂടുതല്‍ ദുഷ്‌കരമാകും.
ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി