പെര്‍ത്തിലെ നാണക്കേടില്‍ പുറത്താകുന്നത് ഇവരോ ?; ഈ താരങ്ങള്‍ പടിക്ക് പുറത്ത്

പെര്‍ത്തിലെ നാണക്കേടില്‍ പുറത്താകുന്നത് ഇവരോ ?; ഈ താരങ്ങള്‍ പടിക്ക് പുറത്ത്

 virat kohli , team india , cricket , perth test , lokesh rahul , murali vijay , വിരാട് കോഹ്‌ലി , പെര്‍ത്ത് ടെസ്‌റ്റ് , കെ എല്‍ രാഹുല്‍ , മുരളീ വിജയ്
jibin| Last Modified ചൊവ്വ, 18 ഡിസം‌ബര്‍ 2018 (16:05 IST)
ഓസ്‌ട്രേലിയയില്‍ ഒരു ടെസ്‌റ്റ് പരമ്പരയെന്നത് ഇന്ത്യന്‍ ടീമിന്റെ വലിയൊരു സ്വപ്‌നമാണ്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘം കങ്കാരക്കളുടെ നാട്ടില്‍ എത്തിയപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. അഡ്‌ലെയ്‌ഡില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെ പരമ്പര ഇന്ത്യക്കെന്ന് ആരാധകരും കളിയെഴുത്തുകാരും പ്രവചിച്ചു.

എന്നാല്‍ പെര്‍ത്തില്‍ ശക്തമായ തിരിച്ചു വരവ് നടത്തി ഓസ്‌ട്രേലിയ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒപ്പമെത്തി. 287 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കോഹ്‌ലിയും സംഘവും 140 റണ്‍സിന് പുറത്തായതോടെ ടീം ഇന്ത്യയില്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു.

പെര്‍ത്തിലെ തോല്‍‌വിയോട ഇന്ത്യന്‍ ടീമില്‍ നിന്ന് ലോകേഷ് രാഹുല്‍, മുരളീ വിജയ്, ഉമേഷ് യാധവ്, എന്നിവര്‍ പുറത്താകുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും മോശം പ്രകടനമാണ് രാഹുലില്‍ നിന്നുണ്ടാകുന്നത്. അത്യാവശ്യ ഘട്ടത്തില്‍ ഉത്തരവാദിത്തരഹിതമായി ബാറ്റ് ചെയ്യുന്നതാണ് വിജയ്‌ക്കും തിരിച്ചടിയാകുന്നത്.

അഡ്‌ലെയ്‌ഡില്‍ ആദ്യ ഇന്നിംഗ്‌സില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായ രാഹുല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 44 റൺസെടുത്ത് പ്രതീക്ഷ കാത്തു. എന്നാല്‍, പെര്‍ത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ രണ്ട് റണ്‍സ് നേടി പുറത്തായ താരം നിര്‍ണായകമായ രണ്ടാം ഇന്നിംഗ്‌സില്‍ പൂജ്യത്തിനാണ് പുറത്തായത്.

ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും അവസരം നല്‍കിയിട്ടും രാഹുല്‍ ടീമിന് നല്‍കിയത് നിരാശ മാത്രമാണ്. ഈ വർഷം 12 ടെസ്റ്റുകള്‍ കളിച്ച താരം 22.28 റൺസ് ശരാശരിയിൽ നേടിയത് 468 റണ്‍സ് മാത്രമാണ്.

വിദേശ പിച്ചുകള്‍ വിശ്വസ്തനായ മുരളീ വിജയ് കരിയറിന്റെ അന്ത്യത്തിലൂടെയാണ് കടന്നും പോകുന്നത്. പ്രായം പരിഗണിച്ച് രാഹുലിലെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ വിജയുടെ സ്ഥാനം തെറിക്കുമെന്നതില്‍ സംശയമില്ല.

പേസും ബൌണ്‍സുമുള്ള പിച്ചില്‍ ഉമേഷ് യാധവ് പരാജയമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 23 ഓവറില്‍ 78 റണ്‍സ് വിട്ടു നല്‍കി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 14 ഓവറില്‍ 61 റണ്‍സാണ് വഴങ്ങിയത്.

ഇതോടെയാണ് മൂന്നാം ടെസ്‌റ്റിനു മുമ്പായി സൂപ്പര്‍ താരങ്ങള്‍ പടിക്ക് പുറത്താകുമെന്ന് വ്യക്തമായത്. മായങ്ക് അഗര്‍വാള്‍ മികച്ച പ്രകടനം നടത്തുകയും മടങ്ങിയെത്തുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്‌താല്‍ രാഹുൽ അടക്കമുള്ള താരങ്ങള്‍ അടുത്തൊന്നും ടെസ്‌റ്റ് കുപ്പായം അണിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :