പെര്‍ത്ത്|
jibin|
Last Updated:
ബുധന്‍, 19 ഡിസംബര്‍ 2018 (14:34 IST)
പെര്‍ത്തിലെ തോല്‍വി ഇന്ത്യന്‍ ടീമിന് കനത്ത ആഘാതമായിരുന്നുവെന്നതില്‍ സംശയമില്ല. കൊതിപ്പിക്കുന്ന ജയം അഡ്‌ലെയ്‌ഡില്‍ നിന്നും സ്വന്തമാക്കിയതിനു പിന്നാലെ പെര്‍ത്തില്‍ തകര്‍ന്നു വീഴാനായിരുന്നും കോഹ്‌ലിപ്പടയുടെ വിധി. കഠിനമെങ്കിലും എത്തിപ്പിടിക്കാന്‍ സാധ്യമായിരുന്ന ഈ വിജയം കൈവിട്ട കളിയിലൂടെ നഷ്‌ടപ്പെടുത്തിയത് ബാറ്റ്‌സ്‌മാന്മാര്‍ തന്നെയാണ്.
എന്നാല്‍, പെര്‍ത്തിലെ തോല്‍വിക്ക് പിന്നാലെ കോഹ്‌ലി വിവാദങ്ങളില്‍ നിറയുകയാണ്. ഗ്രൌണ്ടിലും പുറത്തും നടത്തിയ പ്രസ്‌താവനകളും വാക്‍പോരുമാണ് വിരാടിനെ വേട്ടയാടുന്നത്. സുനില്‍ ഗാവസ്‌കറടക്കമുള്ള മുന്‍ ഇന്ത്യന്‍ താരങ്ങളാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നാണ് ശ്രദ്ധേയം.
പെര്‍ത്തില്‍ സ്ലെഡ്‌ജിംഗ് തുടക്കമിട്ടത് ഇന്ത്യന്‍ ക്യാപ്‌റ്റനാണ്. ഇതിനു ശേഷമാണ് ഓസീസ് താരങ്ങളും ക്ഷമകെട്ട് തിരിച്ചടിച്ചത്. ടിം പെയ്‌നെതിരെ നടത്തിയ സംഭാഷണങ്ങളും അമ്പയറുടെ വാക്കിന് നല്‍കാതെ പെരുമാറിയ കോഹ്‌ലിയുടെ രീതിയും നാണക്കേടുണ്ടാക്കി.
ടീമിലെ പുതുമുഖമായ ഋഷഭ് പന്ത് ക്യാപ്‌റ്റന്റെ പാതയിലൂടെ തുടക്കം മുതല്‍ ഒടുക്കംവരെ വാക് പോര് നടത്തി. വിമര്‍ശനം ശക്തമായിട്ടും ഒരു ഘട്ടത്തില്‍ പോലും പന്തിനെ നിയന്ത്രിക്കാന്‍ വിരാട് തയ്യാറായില്ല. മുതിര്‍ന്ന താരങ്ങള്‍ സംയമനം പാലിച്ചപ്പോഴാണ് യുവതാരം വാക്‍പോരുമായി കളം നിറഞ്ഞത്.
അഡ്‌ലെയ്‌ഡില്‍ നിന്നും വിപരീതമായി കോഹ്‌ലിക്ക് മികച്ച പിന്തുണയാണ് പെര്‍ത്തിലെ ആരാധകര്‍ നല്‍കിയത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടി പുറത്തായ വിരാട് ഡ്രസിംഗ് റൂമിലേക്ക് നടക്കുമ്പോള്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ബഹുമാനിച്ചത്. എന്നാല്‍, കാണികള്‍ക്ക് നന്ദി പറയാനോ അവരെ നോക്കാനോ അദ്ദേഹം തയ്യാറായില്ല.
മത്സരശേഷം ടിം പെയ്നിന് കൈകൊടുത്തപ്പോള്‍ മുഖത്തു നോക്കാന്‍ പോലും കോഹ്‌ലി മനസ് കാണിച്ചില്ല. ടെസ്‌റ്റിന്റെ മൂന്നും നാലും ദിവസങ്ങളില്‍ ഇരുവരും തമ്മിലുണ്ടായ ഉരസുലുകളാണ് ഇതിനു കാരണം. എന്നാല്‍, കോഹ്‌ലിയെ പോലൊരു നമ്പര്‍ വണ്‍ താരം പക്വതയോടെ പെരുമാറണമെന്നാണ് ക്രിക്കറ്റ് ലോകത്തു നിന്നുള്ള ആവശ്യം.