ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 യില്‍ ഇന്ത്യന്‍ ജയം 44 റണ്‍സിന്

25 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 53 റണ്‍സ് നേടിയ യഷസ്വി ജയ്‌സ്വാള്‍ ആണ് കളിയിലെ താരം

രേണുക വേണു| Last Modified തിങ്കള്‍, 27 നവം‌ബര്‍ 2023 (08:39 IST)

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് ജയം. 44 റണ്‍സിനാണ് ഇന്ത്യ ഓസീസിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിനു മുന്നിലെത്തി. ഒരു മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

25 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 53 റണ്‍സ് നേടിയ യഷസ്വി ജയ്‌സ്വാള്‍ ആണ് കളിയിലെ താരം. ഋതുരാജ് ഗെയ്ക്വാദ് 43 പന്തില്‍ 58 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍ (32 പന്തില്‍ 52), റിങ്കു സിങ് (ഒന്‍പത് പന്തില്‍ പുറത്താകാതെ 31) എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി. ബൗളിങ്ങില്‍ പ്രസിത് കൃഷ്ണ നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും രവി ബിഷ്‌ണോയ് നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മര്‍കസ് സ്‌റ്റോയ്‌നിസ് (25 പന്തില്‍ 45), മാത്യു വെയ്ഡ് (23 പന്തില്‍ പുറത്താകാതെ 42), ടിം ഡേവിഡ് (22 പന്തില്‍ 37) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :