രേണുക വേണു|
Last Updated:
വെള്ളി, 22 നവംബര്‍ 2024 (10:25 IST)
India vs Australia,
Perth Test Live Updates: പെര്‍ത്തില്‍ നടക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍ച്ച. ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 25 ഓവറില്‍ 51/4 എന്ന നിലയിലാണ്. 10 റണ്‍സുമായി റിഷഭ് പന്തും നാല് റണ്‍സുമായി ധ്രുവ് ജുറലുമാണ് ക്രീസില്‍.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആണ് ആദ്യം മടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ മക്‌സ്വീനിക്ക് ക്യാച്ച് നല്‍കി എട്ട് പന്തില്‍ റണ്‍സൊന്നും എടുക്കാതെയാണ് ജയ്‌സ്വാളിന്റെ മടക്കം. വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും (23 പന്തില്‍ പൂജ്യം) സംപൂജ്യനായി കൂടാരം കയറി. വിരാട് കോലി 12 പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. ഓപ്പണര്‍ കെ.എല്‍.രാഹുല്‍ (74 പന്തില്‍ 26) പൊരുതിനോക്കിയെങ്കിലും അംപയറുടെ തെറ്റായ തീരുമാനത്തെ തുടര്‍ന്ന് ഔട്ടായി. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ.എല്‍.രാഹുലാണ് ജയ്സ്വാളിനൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ദേവ്ദത്ത് പടിക്കല്‍ വണ്‍ഡൗണ്‍ ആയി ക്രീസിലെത്തി. ശുഭ്മാന്‍ ഗില്‍ പരുക്കിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റ് കളിക്കാത്ത സാഹചര്യത്തിലാണ് പടിക്കല്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്. ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയും പേസര്‍ ഹര്‍ഷിത് റാണയും പ്ലേയിങ് ഇലവനില്‍ ഉണ്ട്. ഇരുവരുടെയും അരങ്ങേറ്റ ടെസ്റ്റാണിത്.
ഇന്ത്യ, പ്ലേയിങ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെ.എല്‍.രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്.
സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.