രേണുക വേണു|
Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (21:08 IST)
India vs Afghanistan ODI World Cup Match Result: രോഹിത് ഗുരുനാഥ് ശര്‍മയുടെ തല്ലുമാലയ്ക്ക് മുന്‍പില്‍ കൈമലര്‍ത്തി അഫ്ഗാനിസ്ഥാന്‍. ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ ആതിഥേയരുടെ ശക്തി തെളിയിച്ചു. അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്റെ 272 റണ്‍സ് 15 ഓവര്‍ ബാക്കി നില്‍ക്കെ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
വെറുതെ ജയിച്ചാല്‍ പോരാ, നെറ്റ് റണ്‍റേറ്റ് പരമാവധി ഉയര്‍ത്തുന്ന രീതിയില്‍ തന്നെ ജയിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ക്രീസിലെത്തിയത്. 30 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറിയും 63 പന്തില്‍ നിന്ന് സെഞ്ചുറിയും സ്വന്തമാക്കിയ രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. 84 പന്തില്‍ നിന്ന് 16 ഫോറും അഞ്ച് സിക്‌സും സഹിതം രോഹിത് 131 റണ്‍സ് നേടി. വിരാട് കോലി 56 പന്തില്‍ നിന്ന് 55 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യര്‍ പുറത്താകാതെ 23 പന്തില്‍ നിന്ന് 25 റണ്‍സ് നേടി. രോഹിത്തിനു പുറമേ മറ്റൊരു ഓപ്പണറായ ഇഷാന്‍ കിഷന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇഷാന്‍ 47 പന്തില്‍ നിന്ന് 47 റണ്‍സ് നേടി.
നായകന്‍ ഹാഷ്മത്തുള്ള ഷഹീദി (88 പന്തില്‍ 80), അസ്മത്തുള്ള ഒമര്‍സായി (69 പന്തില്‍ 62) എന്നിവരുടെ ഇന്നിങ്‌സുകളാണ് അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ 10 ഓവറില്‍ 39 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ രണ്ടും ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.