അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (12:06 IST)
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടെസ്റ്റ് ടീമില്‍ തിരിച്ചുവരവ് നടത്തി കെ എല്‍ രാഹുലും റിഷഭ് പന്തും. വാഹനാപകടത്തെ തുടര്‍ന്ന് 2 വര്‍ഷക്കാലത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് റിഷഭ് പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ ശ്രദ്ധ നേടിയ സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍ എന്നിവര്‍ക്ക് ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കില്ല.
ബംഗ്ലാദേശ് പരമ്പരയ്ക്ക് മുന്നോടിയായി താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ തങ്ങളുടെ മികവ് തെളിയിക്കുകയാണ്. ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയ്‌ക്കെതിരായ മത്സരത്തില്‍ 47 പന്തില്‍ 61 റണ്‍സുമായി റിഷഭ് പന്ത് മികവറിയിച്ചിരുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ 37 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 57 റണ്‍സുമായി കെ എല്‍ രാഹുലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ബാറ്റിംഗില്‍ നിരാശപ്പെടുത്തി. സര്‍ഫറാസ് ഖാനും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.
പുജാര,രഹാനെ എന്നീ പരിചയസമ്പന്നരായ താരങ്ങളുടെ അഭാവത്തില്‍ സര്‍ഫറാസ് ഖാന് പകരം കെ എല്‍ രാഹുലാകും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുന്നത്. റിഷഭ് പന്ത് എത്തുന്നതോടെ ധ്രുവ് ജുറലും ടീമിന് പുറത്താകും. ഓപ്പണിംഗില്‍ യശ്വസി ജയ്‌സ്വാളും രോഹിത് ശര്‍മയുമാകും ഇന്ത്യയ്ക്കായി ഇറങ്ങുക. ശുഭ്മാന്‍ ഗില്ലിന് പിന്നാലെ വിരാട് കോലിയും അഞ്ചാമനായി റിഷഭ് പന്തും ക്രീസിലെത്തും. കെ എല്‍ രാഹുല്‍ ആറാമാനാകും.
ഏഴാം സ്ഥാനത്ത് അക്‌സര്‍ പട്ടേലോ രവീന്ദ്ര ജഡേജയോ ആകും കളിക്കുക. അശ്വിന്‍,കുല്‍ദീപ് യാദവ്,ജസ്പ്രീത് ബുമ്ര, ആകാശ് ദീപ് സിംഗ്,എന്നിവരാകും ടീമിലെ മറ്റ് താരങ്ങള്‍.